കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററിൽ സംസ്ഥാനത്തെ 61 പ്രഗൽഭ ചിത്രകാരമാരാണ് ചിത്രങ്ങൾ വരച്ചത്.

കോഴിക്കോട്: നിറപ്പകിട്ടാർന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ചിത്രകലയുടെ വർണ്ണ വിസ്മയം തീർത്ത് കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം. 61-ാം കേരളാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്കാരിക കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചിത്രോത്സവം ശ്രദ്ധേയമായി. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററിൽ സംസ്ഥാനത്തെ 61 പ്രഗൽഭ ചിത്രകാരമാരാണ് ചിത്രങ്ങൾ വരച്ചത്.

പ്രസിദ്ധ ചിത്രകാരനും ശില്‌പിയുമായ വൽസൻ കൂർമ്മകൊല്ലേരി ചിത്രം വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യാതിഥിയായി. വടയക്കണ്ടി നാരായണൻ, എൻ ബഷീർ, സി.പി.എ റഷീദ്, എ.കെ മുഹമ്മദ് അഷറഫ്, കെ.വി ശശി, ഇ.എം രാധാകൃഷ്ണൻ, കെ സജീവൻ, ഡോ. ഇ.എം പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ലളിത കലാ അക്കാദമി നിർവ്വാഹക സമിതി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം സ്വാഗതവും സാംസ്കാരിക കമ്മിറ്റി കൺവീനർ എം.എ. സാജിദ് നന്ദിയും പറഞ്ഞു.

പോൾ കല്ലാനോട്, ദയാനന്ദൻ മലപ്പുറം, സുധാകരൻ എടക്കണ്ടി, ഷിനോദ് അക്കര പറമ്പിൽ, കബിത മുഖോപാധ്യായ, സണ്ണി മാനന്തവാടി, തോലിൽ സുരേഷ്, ബാലൻ താനൂര്, അജയൻ കാരാടി തുടങ്ങിയവർ ഉൾപ്പെടെയുള്ള ചിത്രകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. കലോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പിന്നീട് ഇവ ലളിതകലാ അക്കാദമിയുടെ ഹാളിൽ പ്രദർശനത്തിന് വെക്കും.

അലക്കുന്നതിനിടെ കാൽവഴുതി വീണു; പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി ജി, ബി എഡ്, ടി ടി സി, പോളിടെക്‌നിക്, ഐടിഐ, ജനറല്‍നഴ്‌സിങ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്‌സുകള്‍ ആദ്യ തവണ വിജയിച്ച് 2022ല്‍ പരീക്ഷാ ഫലം കൈപ്പറ്റിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ ക്ഷേമനിധി അംഗങ്ങളായിരിക്കണം. ജനുവരി 31നകം അപേക്ഷിക്കണം. അപേക്ഷ www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04972 712549.