Asianet News MalayalamAsianet News Malayalam

പ്രണയിച്ചു, വിവാഹം കഴിക്കാതെ ജീവിച്ചു, പിണങ്ങി ജീവനൊടുക്കി; പങ്കാളിയെ വെറുതെ വിട്ട് കോടതി

പാലക്കാട്ടെ ലിവിംഗ് ടുഗെതർ പങ്കാളികളുടെ കേസിൽ നിർണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്

Palakkad Living together partner suicide case all accused acquitted by Kerala high court kgn
Author
First Published Oct 16, 2023, 9:17 PM IST

കൊച്ചി: ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവും ഒഴിവാക്കി പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പാലക്കാട്ടെ ലിവിംഗ് ടുഗെതർ പങ്കാളികളുടെ കാര്യത്തിലാണ് വിവാഹിതരല്ലാത്തതിനാൽ ഭർതൃ പീഡനം ചുമത്താനാവില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. 1997 ൽ ലിവിംഗ് ടുഗെതർ ആരംഭിച്ച പങ്കാളികളിലെ സ്ത്രീ, പിന്നീട് ജീവനൊടുക്കിയിരുന്നു. ഈ കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണവും വിധിയും.

പാലക്കാട് സ്വദേശികളായ യുവതിയും യുവാവും 1997 ലാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. വിവാഹം പിന്നീട് രജിസ്റ്റർ ചെയ്യാമെന്ന കരാറിലായിരുന്നു ലിവിംഗ് ടുഗെതർ ആരംഭിച്ചത്. എന്നാൽ പ്രണയം പോലെയായിരുന്നില്ല ഒരുമിച്ചുള്ള ജീവിതം. പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പുരുഷ പങ്കാളിയുടെ വീട്ടിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. ഇവിടെ ബന്ധുക്കളുമായും തർക്കമുണ്ടായി. ഇതോടെ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.

പങ്കാളിയുടെ വീട്ടിൽ വച്ചുണ്ടായ ആത്മഹത്യയായതിനാൽ പൊലീസ് ഭർതൃപീഡനവുമായി ബന്ധപ്പെട്ട ഐപിസി 498 എ വകുപ്പും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കേസെടുത്തു. വിചാരണ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് ശരിവച്ച് ശിക്ഷ വിധിച്ചു. പുരുഷ പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയുമാണ് കോടതി ശിക്ഷിച്ചത്. ഈ കേസിൽ പുരുഷ പങ്കാളി ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു. 

എന്നാൽ പങ്കാളികൾ വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭാര്യയും ഭർത്താവുമെന്ന പദവി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ഭർതൃ പീഡനം സംബന്ധിച്ച ഐപിസി 498 എ വകുപ്പ് ചുമത്താനാവില്ലെന്നും കേരളാ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണ കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെ  വിചാരണ കോടതി ശിക്ഷിച്ച പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവിറക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios