പാലക്കാട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചു. അണക്കെട്ടിന്റെ താഴ്‌ഭാഗത്തും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് : പാലക്കാട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ അനുസരിച്ച് ശക്തമായ കാറ്റും ഇടവിട്ടുള്ള മഴയും അനുഭവപ്പെടുന്നുണ്ട്. നീരൊഴുക്ക് അനുസരിച്ച് ശനിയാഴ്ച (ആഗസ്റ്റ് ഒന്ന്) രാവിലെ 11.30 ന് മംഗലം അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെമീ വരെ തുറക്കുമെന്ന് ജില്ലാ കളക്ടർ കെ സുധീർ അറിയിച്ചു. അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 40 സെ മീ വരെ ഉയർത്തിയേക്കാം. അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിൻ്റെ താഴ്‌ഭാഗത്ത് പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടർ നിർദേശിച്ചു.