വയനാട് സുൽത്താൻ ബത്തേരിയിൽ ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി സ്വദേശി എബി ഏലീയാസ് ആണ് അറസ്റ്റിലായത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

സുൽത്താൻ ബത്തേരി: വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി (35) നെയാണ് ബത്തേരി എസ്ഐ നൗഫൽ സി അറസ്റ്റ് ചെയ്തത്.

വയനാട് ജില്ലാ പൊലീസ് മേധാവി എസ് ദേവ മനോഹറിന്റെ മേൽനോട്ടത്തിലും നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുമുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് വാഹന പരിശോധനക്കിടയിൽ ഇയാളെ പിടികൂടിയത്.

ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും വിൽപനയ്ക്കായി പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.