350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ച് മുങ്ങിയെന്നായിരുന്നു പരാതി. 44000 രൂപ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

പാലക്കാട് : ഷൊ൪ണൂരിൽ ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഹോട്ടലുകളിൽ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങി വിൽപ്പന നടത്തി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂ൪ സ്വദേശി ഷെഹീ൪ കരീമാണ് പിടിയിലായത്.

ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി വിൽപന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷൊ൪ണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 26 ന് ഇയാൾ 350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ച് മുങ്ങിയെന്നായിരുന്നു പരാതി. 44000 രൂപ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 140 രൂപക്ക് കടയിൽ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ്, ലാഭത്തിൽ നിന്നും 30 രൂപ ചാരിറ്റിക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം.

ബിരിയാണിയുടെ പണം കൊടുക്കാതെ വന്നതോടെ ഹോട്ടലുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട്, മണ്ണാർക്കാട് ഭാഗത്തും സമാനമായ രീതിയിൽ പ്രതി തട്ടിപ്പ് നടത്തിയിരുന്നു. നേരത്തെ ചാലിശ്ശേരിയിൽ നടത്തിയ തട്ടിപ്പ് പണം നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

YouTube video player