റോഡിന് നടുവിലായി കഴിഞ്ഞ ഒരുവർഷത്തോളമായി അനങ്ങാതെ കിടക്കുകയാണ്.
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്തൊരു വാഹനം നാട്ടുകാർക്ക് തലവേദനയായി മാറിയ കാഴ്ച്ചയുണ്ട് കൊച്ചി പാലാരിവട്ടം ജംങ്ഷനിൽ. റോഡിന്റെ നടുവശത്തായി കൊണ്ടിട്ട കാറാണ് വാഹനത്തിലും കാൽനടയായും പോകുന്നവർക്ക് ഒരുപോലെ ദുരിതമായി മാറിയത്. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റിന്റെ പുൻഡോ കാറാണ് റോട്ടിൽ ഉള്ളത്. റോഡിന് നടുവിലായി കഴിഞ്ഞ ഒരുവർഷത്തോളമായി അനങ്ങാതെ കിടക്കുകയാണ്.
കാറിന്റെ നല്ല ഭാഗങ്ങളെല്ലാം ഇരുട്ടിന്റെ മറവിൽ ആരോ കൊണ്ടുപോയി. ബാക്കിയുളള ടയറിന്റെ കാറ്റും പോയി, അനങ്ങതെയുളള നിൽപ്പിൽ റോഡിലെ ഡിവൈഡറുമായി മാറിയിരിക്കുകയാണ് കാർ. ആലുവ, കാക്കനാട്, മുവാറ്റുപുഴ അങ്ങനെ ദീർഘദൂര ബസുകളടക്കം നിർത്തുന്നയിടത്താണ് കാറിന്റെ കിടപ്പ്. തൊട്ടുമുൻപിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനും ഒരു വശത്ത് നിർദിഷ്ട മെട്രോ സ്റ്റേഷനുമാണ്. കാറൊന്നു മാറ്റിയിട്ടാൽ നല്ലതെന്നാണ് നാട്ടുകാർ പറയുന്നത്. 2021 ലെ ഒരു പണയകേസുമായി ബന്ധപ്പെട്ട് പൊലീസ് ആണ് ഈ കാർ പിടിച്ചിട്ടത്. കോടതിയിലുളള കേസും പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ സ്ഥല പരിമിതിയും കാറിന്റെ ശാപമോഷം നീട്ടുകയാണ്.
