കൊച്ചി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പാലാരിവട്ടം മേൽപ്പാലം ചെറു വാഹനങ്ങൾക്കായി തുറന്ന് നൽകണമെന്ന് പി ടി തോമസ് എംഎൽഎ. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നാളെ പൊതുമാരമത്ത്, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളുടെ യോഗം എംഎൽഎ വിളിച്ചിട്ടുണ്ട്. എറണാകുളം പത്തടിപ്പാലം റസ്റ്റ് ഹൗസിലാണ് യോ​ഗം ചേരുക.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കൊച്ചി നഗരത്തിൽ സൃഷ്ടിക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഏതാനം കിലോമീറ്ററുകൾ സഞ്ചരിക്കാൻ പോലും മണിക്കൂറുകൾ വേണ്ടി വരുന്ന അവസ്ഥ. അരൂർ- ഇടപ്പള്ളി ദേശീയപാതയുടെ ഇടയിലുള്ള കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം എന്നീ  മേൽപ്പാലങ്ങൾ ​ഗതാ​ഗതയോ​ഗ്യമല്ലാത്തത് യുദ്ധത്തടവുകാരായി ജനങ്ങളെ മാറ്റുന്നതിന് തുല്ല്യമായ നടപടിയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നിർത്തിവച്ചിരിക്കുകയാണെങ്കിൽ പാലത്തിലൂടെ ചെറു വാഹനങ്ങളെ കടത്തിവിടാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു.  

ബലക്ഷയത്തെ തുടർന്ന് മെയ് ഒന്നിനാണ് പാലാരിവട്ടം മേൽപ്പാലം അടച്ചത്. നാലു മാസം കഴിഞ്ഞിട്ടും പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നുമായിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളായ വെണ്ണല തുതിയൂർ, കലൂർ, കടവന്ത്ര തുടങ്ങിയവയെല്ലാം തകർന്നു കിടക്കുകയാണ്. കെഎസ്ഇബിയും വാട്ടർ അതോരിറ്റിയും വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി റോഡുകൾ വെട്ടിപൊളിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.