തൊടുപുഴ: ഇടുക്കി ജില്ലപഞ്ചായത്തിലേക്ക് കരിമണ്ണൂരിൽ നിന്ന് മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥി റീനു ജെഫീൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. പ്രചാരണ തിരക്കിലും പരിശീലനത്തിന് മുടക്കമില്ല. കരാട്ടെയിൽ എതിരാളിയെ നിമിഷങ്ങൾക്കകം തറപറ്റിക്കുന്നതുപോലെ തെരഞ്ഞെടുപ്പിലും ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് റീനു.

ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന റീനു ജെഫീന് ഇത് തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണ്. ഒന്നാം ക്ലാസ് മുതൽ റീനു കരാട്ട പഠനം തുടങ്ങിയതാണ്. 2012ൽ ബ്ലാക്ക് ബെൽറ്റ് കിട്ടി. തെരഞ്ഞെടുപ്പിന്‍റെ തിരക്കുണ്ടെങ്കിലും വർഷങ്ങളായി തുടരുന്ന പരിശീലനത്തിന് മുടക്കമില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥിയാണ് റീനു. എതിർ സ്ഥാനാർത്ഥി കോൺഗ്രസിൽ നിന്നുള്ള ഇന്ദു സുധാകരൻ.

രാവിലത്തെ പരിശീലനം കഴിഞ്ഞാൽ നേരെ പ്രചാരണ തിരക്കിലേക്ക് കടക്കും സ്ഥാനാർത്ഥി. പാർട്ടിക്കാർക്കൊപ്പം സഹായിക്കാൻ ശിഷ്യഗണങ്ങളുമുണ്ടാകും. കരാട്ടെ പകർന്ന് നൽകിയ ആത്മവിശ്വാസത്തിനൊപ്പം ജനപിന്തുണകൂടി ചേരുമ്പോൾ ഇത്തവണ ജില്ലപഞ്ചായത്തിലേക്കെത്താം എന്ന പ്രതീക്ഷയിലാണ് റീനു.