മൂന്നാര്‍: മറയൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായുള്ള ഭരണം അവസാനിപ്പിക്കാന്‍ സ്വന്ത്രന്‍മാര്‍ക്ക് സീറ്റുകള്‍ വിട്ടുനല്‍കി ഇടതുമുന്നണി. നാല് സിറ്റുകളാണ് ഇടതുമുന്നണി ഇത്തവണ സ്വതന്ത്രര്‍ക്ക് വിട്ടുനല്‍കിയിരിക്കുന്നത്. രൂപികരണം മുതല്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തവണ സിപിഐ സ്വതന്ത്രനുള്‍പ്പെടെ നാല് സീറ്റിലും സിപിഎം ഒന്‍പതു സീറ്റുലുമാണ് മത്സരിച്ചത്. 

എന്നാല്‍ സിപിഎമ്മിന് മൂന്നും സിപിഐക്ക് സ്വതന്ത്രന്‍ ഉല്‍പ്പെടെ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു സീറ്റാകട്ടെ തമിഴ്നാട് പാര്‍ട്ടിയായ എഐഎഡിഎംകെ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഏഴ് സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. എന്നാല്‍ ഇത്തവണ എന്തുവിലകൊടുത്തും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ തന്നെയാണ് ഇടതമുന്നണിയുടെ നീക്കം. 

നേതാക്കളുമായുള്ള ആദ്യഘട്ട ചര്‍ച്ചയില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്വതന്ത്രര്‍ക്ക് സീറ്റുനല്‍കണമെന്ന് അണികള്‍ ആവശ്യമുന്നയിച്ചതോടെ നാല് സീറ്റുകളാണ് സ്വതന്ത്രര്‍ക്ക് നല്‍കിയിരിക്കുന്നത്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി സീറ്റുകള്‍ കൈമാറുന്നതിന് പ്രത്യേക കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിലെ മുന്‍നിര നേതാക്കള്‍ മറയൂര്‍ കേന്ദ്രീകരിച്ച് പ്രചാരണ പരുപാടികള്‍ നടത്തിവരുകയാണ്.