വേനലെത്തും മുമ്പ് വരള്‍ച്ച പിടിമുറുക്കുന്ന ഇന്നത്തെ പുല്‍പ്പള്ളിയുടെ കാര്‍ഷികമേഖലയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് പല വഴിക്കായി അധികൃതര്‍ നടപ്പാക്കുന്നത്. 

കല്‍പ്പറ്റ: പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി പഞ്ചായത്തുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാം കരിഞ്ഞുണങ്ങിയ, കര്‍ഷകരാല്‍ ഉപേക്ഷിക്കപ്പെട്ട കുരുമുളക് തോട്ടങ്ങള്‍. പ്രളയവും അതിവേനല്‍ക്കാലങ്ങളും ബാക്കി വെച്ച ആ തോട്ടങ്ങള്‍ക്കിനി എന്നാണ് പുനര്‍ജനനമെന്ന് ചോദിച്ചാല്‍ ആര്‍ക്കുമില്ല ഉത്തരം. പോയ കാലങ്ങളില്‍ മേല്‍ത്തരം കുരുമുളക് യഥേഷ്ടം വിളഞ്ഞപ്പോള്‍, അവയ്ക്ക് വിലയുണ്ടായപ്പോള്‍ പുല്‍പ്പള്ളി അറിയപ്പെട്ടിരുന്നത് 'കറുത്ത പൊന്നിന്റെ നാടെ'ന്നായിരുന്നു. ശരിയാണ്. അന്ന് പൊന്നിന് സമമായിരുന്നു കുരുമുളക്. കുഞ്ഞുവീടുകളും വീതിയില്ലാത്ത നാട്ടുവഴികളും മാറി മാളികകളും വീതിയുള്ള റോഡുകളുമൊക്കെയായി ഇന്നത്തെ പുല്‍പ്പള്ളി ആയത് 'കറുത്ത പൊന്ന്' നല്‍കിയ സാമ്പത്തിക ഭദ്രതയിലായിരുന്നു. ആ പ്രതാപകാലങ്ങളൊക്കെ ഇപ്പോൾ ഓര്‍മ്മകളിലാണ്. 

വേനലെത്തും മുമ്പ് വരള്‍ച്ച പിടിമുറുക്കുന്ന ഇന്നത്തെ പുല്‍പ്പള്ളിയുടെ കാര്‍ഷികമേഖലയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് പല വഴിക്കായി അധികൃതര്‍ നടപ്പാക്കുന്നത്. തെങ്ങിന് പുതയിടുന്നത് പോലും കാമ്പയിനാക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ നിലവിലുള്ളത്. പാരമ്പര്യമായി കര്‍ഷകര്‍ ചെയ്തു വന്നിരുന്ന ഇത്തരം ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഇടതടവില്ലാതെ തുടര്‍ന്നാല്‍ തോട്ടങ്ങളെ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇതുപോലെയുള്ള ചെറുപദ്ധതികള്‍ക്ക് പോലും തുടര്‍ച്ചയുണ്ടാകുന്നുണ്ടോ എന്നതാണ് ആശങ്ക.

മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ങിന്‍ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ 'തെങ്ങിന് തടം മണ്ണിന് ജലം' എന്ന പേരിലുള്ള ജനകീയ ബോധവത്കരണത്തിനാണ് തുടക്കമായിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പുല്‍പ്പള്ളി പാക്കത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മഴവെള്ളം ഒഴുകി പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജല നിരപ്പ് ഉയര്‍ത്തുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. പാക്കം, ദാസനക്കര ഭാഗങ്ങളിലായി 100 വീടുകളിലെ തെങ്ങുകള്‍ക്കാണ് ജനകീയമായി തടമെടുത്തത്. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്കിലെ ചുരുങ്ങിയത് ഒരു വാര്‍ഡാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ജലക്ഷാമവും വരള്‍ച്ചയും കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തടമെടുത്ത് തുലാവര്‍ഷത്തിലും വേനല്‍ മഴയിലും ലഭിക്കുന്ന വെള്ളം സംരക്ഷിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍. തടമെടുക്കുന്നതിനോടൊപ്പം പുതയിടുകയും ചെയ്യുന്നുണ്ട്. ഇതുവഴി മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കും. കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങി 200-ഓളം പേര്‍ ക്യാമ്പയിനില്‍ പങ്കാളികളായി.

അതേ സമയം 2017 ജൂണില്‍ ഉദ്ഘാടനം ചെയ്ത വരള്‍ച്ച ലഘൂകരണ പദ്ധതി കടലാസിലൊതുങ്ങിയെന്ന് പറയാം. 2018, 19 പ്രളയങ്ങളെ കൂടി നേരിട്ടതോടെ കര്‍ഷകര്‍ക്ക് സ്വന്തം നിലക്ക് വരള്‍ച്ച പ്രതിരോധം നടത്താന്‍ കഴിയില്ലെന്ന സ്ഥിതി വന്നു. അത്രയും വരള്‍ച്ച നല്‍കിയാണ് ഓരോ വേനലും പുല്‍പ്പള്ളിയെ ബാക്കിയാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്താല്‍ ഓരോ പ്രദേശങ്ങളിലും ചെറുകിട ബണ്ട് നിര്‍മിക്കാമെങ്കിലും ആ വഴിക്ക് ചിന്തിക്കാനും പ്രാവര്‍ത്തികമാക്കാനും അധികൃതര്‍ക്ക് ആവുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. കടമാന്‍ തോട് പദ്ധതി പരാതികളെല്ലാം തീര്‍ത്ത് നടപ്പായി വരുമ്പോള്‍ പുല്‍പ്പള്ളി ബാക്കിയുണ്ടാകുമോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം