'സൂക്ഷിച്ചോ, എന്ത് ഒലക്കേലെ ആളായാലും വിവരമറിയും'; പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് ക്ലർക്കിന്‍റെ ഭീഷണി
ദളിത് അംഗമായ വൈസ്. പ്രസിഡന്‍റിനെ മൊബൈൽ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്തിലെ പ്ലാൻ ക്ലർക്ക് നിസാറിനെതിരെ കേസെടുത്തു

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്‍റിനോട് ക്ലർക്ക് അപമര്യാദയായി പെരുമാറിയെന്നു പരാതി. ഏഴാംവാർഡ് മെമ്പർ കൂടിയായ ഗിരിജ കൃഷ്ണയുടെ പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. ദളിത് അംഗമായ വൈസ്. പ്രസിഡന്‍റിനെ മൊബൈൽ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്തിലെ പ്ലാൻ ക്ലർക്ക് നിസാറിനെതിരെയാണ് നടപടി.
പഞ്ചായത്ത് വാട്ട്സ് ആപ് ഗ്രൂപ്പിൽ പ്ലാൻ ക്ലർക്ക് ഇട്ട ചില സന്ദേശങ്ങളോട് വൈസ്. പ്രസിഡന്‍റ് എതിർപ്പ് അറിയിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് ഗിരിജ പരാതിയിൽ പറയുന്നു. സംഭവത്തിൽ ക്ലർക്കിനെതിരെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കും, വനിത കമ്മീഷനും തദ്ദേശ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നു ഗിരിജ പറഞ്ഞു. ഫോണ്‍ വിളിച്ച് ക്ലർക്ക് ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്ദസന്ദേശം ഗിരിജ പുറത്ത് വിട്ടിട്ടുണ്ട്.
'സുക്ഷിച്ചോ, മെമ്പറാണെങ്കിലും എന്ത് ഒലക്കേലെ ആളായാലും വിവരമറിയും, ആരാണെന്നും നോക്കില്ല. എന്നെ നിങ്ങള്‍ക്ക് മനസിലായിട്ടില്ല, 15 ആള്‍ക്ക് ഇല്ലാത്ത സൂക്കേടാണ് നിങ്ങള്‍ക്ക്' എന്നായിരുന്നു ഭീഷണി. പെട്ടെന്നുള്ള പ്രകോപനത്തിൽ താൻ കയർത്തു സംസാരിച്ചുപോയെന്നും ക്ഷമചോദിച്ചെന്നുമാണ് പ്ലാൻ ക്ലർക്ക് നിസാറിന്‍റെ പ്രതികണം. നിലവിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് നിസാറിനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.
വീഡിയോ സ്റ്റോറി കാണാം