ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്. കമ്പനിയുടെ പേരിലുള്ള ക്യു ആർ കോഡ് മാറ്റി സ്വന്തം ജി-പെ അക്കൌണ്ടിന്‍റെ ക്യു ആർ കോഡ് ഒട്ടിച്ച് ലക്ഷങ്ങളാണ് കൈപ്പറ്റിയത്.

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പണം തട്ടി ജീവനക്കാരുടെ വെട്ടിപ്പ്. ടോൾ പ്ലാസയിൽ സ്വന്തം ക്യുആര്‍ കോഡ് വഴി യാത്രക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ഒരാൾ പിടിയിലായി. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്.

ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം നിലയിലുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചു കൊടുക്കുകയും, അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. ടോൾ പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നത്. പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.