വീട്ടിലെത്തി വിശദമായി ചോദ്യംചെയ്തതിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എക്സൈസ്

കൊച്ചി: ഇന്‍റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും എംഡിഎംഎ വരുത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23 വയസ്) യാണ് പിടിയിലായത്. 10.04 ഗ്രാം എംഡിഎംഎ ഇയാളുടെ പേരിൽ വന്ന പാഴ്‌സലിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജി വി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി ഇന്‍റർനാഷണൽ മെയിൽ സെന്‍ററിന്‍റെ ഓഫീസിൽ നിന്നാണ് പാർസൽ പിടിച്ചെടുത്തത്. തുടർന്ന് എക്സൈസ് സംഘം അതുൽ കൃഷ്ണയുടെ വീട്ടിലെത്തി വിശദമായി ചോദ്യംചെയ്തതിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് വിദേശത്ത് നിന്നും രാസലഹരി എത്തിച്ച കേസിൽ മറ്റൊരു യുവാവും പിടിയിലായി. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് പിടിയിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് ജർമ്മനിയിൽ നിന്നെത്തിയ പാർസൽ സ്കാനിങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു. 

ജർമ്മനിയിൽ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്സൽ, ഉപയോഗിച്ചത് ക്രിപ്റ്റോ കറന്‍സി, ഡാര്‍ക്ക് വെബിലൂടെ രാസലഹരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം