ഹരിപ്പാട്: നേഴ്സിംഗ് കോളജ് വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെ അച്ഛനമ്മമാർ ആറാട്ടുപുഴയിലെ കോർപ്പറേഷൻ ബാങ്കിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ആറാട്ടുപുഴ മംഗലം വിനോദ് ഭവനം വിനോദും, ഭാര്യ വീണയും, പത്മഭവനം അനിലും ഭാര്യ സീനയുമാണ് ആറാട്ടുപുഴ കോർപറേഷൻ ബാങ്ക് ബ്രാഞ്ചിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. 

ബി എസ് സി നേഴ്സിംഗിന് ബംഗളൂരും മംഗലാപുരത്തുമുള്ള കോളജുകളിൽ പഠിക്കുന്ന  മക്കളുടെ പഠന ചെലവിന്  വിദ്യാഭ്യാസ വായ്പക്കായി ബാങ്കിനെ സമീപിച്ചു. ബ്രാഞ്ച് മാനേജർ അപേക്ഷ നിരസിക്കുകയായിരുന്നു. മൽസ്യതൊഴിലാളി ഗ്രാമമായ ആറാട്ടുപുഴയിലുള്ള ഏക ബാങ്കായിട്ടും സാധാരണക്കാർക്ക് വായ്പ നിഷേധിക്കുന്ന സമീപനമാണ് പുതിയ മാനേജർ വന്ന ശേഷം തുടരുന്നത്. വായ്പ  കുടിശ്ശികയുടെ പേരിലാണ് പുതിയ വായ്പകൾ നിഷേധിക്കുന്നത്. അതേ സമയം വായ്പാ വിതരണത്തിൽ പക്ഷപാതപരമായ നിലപാടുകൾ സ്വീകരിക്കുന്നതായും പരാതിയുണ്ട്.

മതിയായ ജാമ്യം നൽകിയിട്ടും നീറ്റ് ക്വാളിഫൈഡിയ വിദ്യാർഥിനിക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് വായ്പ നിഷേധിച്ചു.അഡൽജി പെൻഷൻ യോജനയിൽ 18വയസുള്ള മെഡിക്കൽ വിദ്യാർഥിനി അംഗത്വമെടുക്കണമെന്ന മാനേജരുടെ ആവശ്യം അംഗീകരിക്കാതിരുന്നതിന്റെ പേരിൽ വിദേശ വിദ്യാഭ്യാസത്തിനു വായ്പ നിഷേധിച്ച ബാങ്ക് പക്ഷപാതപരമായി വായ്പ നൽകിയ സംഭവം അടുത്തിടെ ഉണ്ടായി. ബിഎസ്സി നേഴ്സിംഗ് ജയിച്ചാൽ ജോലി സാധ്യതയില്ലെന്ന് രേഖാമൂലം മറുപടി നൽകി വായ്പ നിഷേധിച്ചതോടെയാണ് മംഗലം സ്വദേശികൾ ബാങ്കിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.