മൂന്ന് വർഷം മുൻപ് ടൂറിസം വകുപ്പ് പണി തീർത്തത് ആണ് കുട്ടികളുടെ പാർക്കും കഫെറ്റീരിയയും ഉള്‍പ്പെടുന്ന നടപ്പാത. ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച ഈ പദ്ധതി ഇതുവരെ ഉദ്ഘാടനം പോലും ചെയ്തിട്ടില്ല
തിരുവനന്തപുരം: വിഴിഞ്ഞം മുഹയ്യ്‌ദീൻ പള്ളിക്ക് സമീപം നിർമിച്ച നടപാതയും കുട്ടികളുടെ പാർക്കും അധികാരികളുടെ അനാസ്ഥ കാരണം നശിക്കുന്നു. മൂന്ന് വർഷം മുൻപ് ടൂറിസം വകുപ്പ് പണി തീർത്തത് ആണ് കുട്ടികളുടെ പാർക്കും കഫെറ്റീരിയയും ഉള്‍പ്പെടുന്ന നടപ്പാത.
ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച ഈ പദ്ധതി ഇതുവരെ ഉദ്ഘാടനം പോലും ചെയ്തിട്ടില്ല. 300 മീറ്ററോളം ദൂരത്തിൽ തറയോടുകൾ പാകി, സ്റ്റീൽ കമ്പികൾ കൊണ്ട് വേലി കെട്ടി സഞ്ചാരികൾക്ക് ഇരിക്കുവാൻ ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ, കുട്ടികൾക്കു കളിക്കുവാൻ ഉള്ള പാർക്ക് എന്നിവ ഉൾപ്പെടുത്തി നിർമിച്ചതാണ് ഇവിടം.
സ്വദേശികളും വിദേശികളും കടൽ ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നു. എന്നാൽ, ഇപ്പോൾ ഈ നടപ്പാതയും പാർക്കും ഒക്കെ പൂർണമായി നശിച്ച നിലയിലാണ്. കുട്ടികള്‍ക്ക് കളിക്കാനായി നിര്‍മിച്ച സാധനങ്ങള്‍ മിക്കതും തുരുമ്പെടുത്തു നശിച്ചു. ബോളർഡ് പുള്ളിനു സമീപം നടപ്പാത തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നു.
തെരുവ് വിളക്കുകൾ ഒന്നും കത്തുന്നുമില്ല. കൂടാതെ, പലതും തുരുമ്പെടുത്തു ഒടിഞ്ഞു വീഴാറായ നിലയിൽ ആണ്. ടൂറിസം വകുപ്പിന്റെ കീഴിൽ ആയതിനാൽ നഗരസഭയ്ക്കും വിഷയത്തില്‍ ഒന്നും ചെയ്യാൻ കഴിയുന്നില്ല. വാർഡ് കൗണ്‍സിലർ നിരന്തരം ടൂറിസം വകുപ്പുമായി ചർച്ചകൾ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശി ആണ് വിഴിഞ്ഞം കോവളം മേഖലയിലെ ടൂറിസം പദ്ധതികൾ മേൽനോട്ടം ഇല്ലാതെ നശിച്ചു പോകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഈ പദ്ധതി നഗരസഭയ്ക്ക് കൈമാറുകയാണെങ്കിൽ കാര്യക്ഷമമായ മേൽനോട്ടത്തിൽ പാർക്കും നടപ്പാതയും സംരക്ഷിക്കാം എന്ന ആശയവും വാർഡ് കൗണ്‍സിലർ നിസ ബീവി പങ്കുവച്ചു.
