പ്ലസ്ടുവിന് ഇഷ്ട വിഷയം ലഭിക്കാത്തതിനെ തുടർന്ന് പരുന്തുംപാറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി.

''എൻ്റെ ഫോണും പണവും പരുന്തുംപാറ സൂയിസഡ് പോയൻ്റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു '' ; പ്ലസ്ടുവിന് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് രക്ഷകരായി പൊലീസ്

കൊച്ചി: "ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്. എൻ്റെ ഫോണും പണവും പരുന്തുംപാറ സൂയിസഡ് പോയൻ്റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു", ഇങ്ങനെ ഒരു സന്ദേശമാണ് തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

മലയുടെ ഫോട്ടോയും ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ സൈബർ പൊലീസ് ടീം സന്ദേശങ്ങൾ കൈമാറി. ഇടുക്കി ജില്ലാ വയർലസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പിഎസ്, പീരുമേട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിളിച്ചറിയിച്ചു. ആലുവയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പീരുമേട് പൊലീസ് ചെല്ലുമ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് നിൽക്കുകയായിരുന്നു.

ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. പ്ലസ്ടുവിന് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത മനോവിഷമമായിരുന്നു പെൺകുട്ടിക്ക്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇവിടെയും ആശ്വാസവും , സന്തോഷവും. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിഐ എസ് സുധീഷ് കുമാർ, എഎസ്ഐ ആർ ഡെൽജിത്ത്, സീനിയർ സിപിഒ പി കെ ദിനേശൻ, സിപിഒ സി നിഖിൽ എന്നിവരാണ് ഇവിടെ നിന്നുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്.