ഏഴ് പതിറ്റാണ്ടിലേറെ നിലത്തെഴുത്തു കളരി നടത്തിയ നാടിന്റെ മുത്തശി ഇപ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകളിലാണ്.
പുതുപ്പള്ളി: നൂറ്റി അഞ്ചു വയസു വരെയും വോട്ട് മുടക്കാത്ത പുതുപ്പള്ളിയിലെ അക്ഷര മുത്തശിയായ തോട്ടയ്ക്കാട് വിലക്കുന്നത്ത് വീട്ടിലെ പാര്‍വതിയമ്മയ്ക്ക് ഇക്കുറിയും വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. ഏഴ് പതിറ്റാണ്ടിലേറെ നിലത്തെഴുത്തു കളരി നടത്തിയ നാടിന്റെ മുത്തശി ഇപ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകളിലാണ്. ഓര്‍മ കുറവുണ്ടെങ്കിലും ഇപ്പോഴും നാടിന്റെ ആശാത്തിയമ്മ കുട്ടികളെ എഴുതിക്കുന്നുണ്ടെന്ന് മരുമകളായ പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തോട്ടയ്ക്കാട്ടുകാരുടെ ഓര്‍മകളില്‍ എണ്ണിയാലൊടുങ്ങാത്തത്രയും ഉണ്ട് ആശാത്തി ഓര്‍മകള്‍. പ്രതിഫലം പറ്റാതെയുള്ള സേവനത്തിന് അവര്‍ അതിലേറെ സ്‌നേഹം തിരിച്ചും നല്‍കി. തന്റെ കുടുംബത്തിലെ എല്ലാവരെയും ആശാത്തിയമ്മ പഠിപ്പിച്ചിട്ടുണ്ടെന്ന് ശിഷ്യനായ തോമസ് പറഞ്ഞു. തങ്ങളുടെ വലിയ ഗുരുനാഥയാണ് അവര്‍. മകനെയും പഠിപ്പിച്ചിട്ടുണ്ട്. ആ സ്‌നേഹവും ബന്ധവും ഇപ്പോഴുമുണ്ടെന്ന് തോമസ് പറഞ്ഞു. നാടിന്റെ അഭിമാനമാണ് ആശാത്തിയമ്മയെന്ന് മറ്റൊരു ശിഷ്യനായ സുനില്‍ പറഞ്ഞു. ആശാത്തിയമ്മയുടെ പേരില്‍ നാട്ടില്‍ എന്തെങ്കിലും വേണമെന്ന തോന്നലിലാണ് റോഡിന് ആശാത്തിയമ്മയുടെ പേരിട്ടത്. നൂറാം ജന്മദിനത്തിലായിരുന്നു അതെന്നും സുനില്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും ആശാത്തിയമ്മ വോട്ട് ചെയ്യുമെന്ന് കൊച്ചു മകനായ ലാല്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നാണ് പറയുന്നതെന്നും ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2018ലാണ് ആശാത്തിയമ്മയുടെ നൂറാം ജന്മദിനം ആഘോഷിച്ചത്. അയിത്തവും ജാതിവ്യവസ്ഥയും നിലനിന്നിരുന്ന കാലത്ത് യാതൊരുവിധ വിഭാഗീയ ചിന്തയോ പ്രതിഫലമോ ഇല്ലാതെ കുട്ടികളെ മടിയിലിരുത്തി അക്ഷരം പഠിപ്പിക്കുന്നതിന് വേണ്ടി മാത്രം ജീവിച്ച മഹതിയോടുള്ള ആദരസൂചകമായാണ് റോഡിന് ആശാത്തിയമ്മ റോഡെന്ന പേരിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.
Read More നടി അപര്‍ണാ നായരുടെ മരണം വിശ്വസിക്കാനാകുന്നില്ല, തൊട്ടുമുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

