ജലനിരപ്പ് ഉയര്‍ന്നതോടെ പുഴ കടക്കാതിരിക്കാന്‍ പൊലീസ് കയര്‍ കെട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് യുവാവ് പുഴ മുറിച്ചു കടക്കാന്‍ ശ്രമിച്ചത്

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന ചിറ്റൂര്‍ പുഴയിലെ നിലംപതി പാലത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഒഴുക്കില്‍പെട്ടു. നൂറുമീറ്ററിലധികം ഒഴുകിപ്പോയ യുവാവ് പച്ചത്തുരുത്തില്‍ പിടിച്ചുകയറിയാണ് രക്ഷപെട്ടത്. കഴി‍ഞ്ഞ ദിവസവും ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചിരുന്നു.

പറമ്പിക്കുളം- ആളിയാര്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്തതോടെയാണ് ചിറ്റൂര്‍ പുഴയിലെ നീരൊഴുക്ക് കൂടിയത്. ചെറിയ പാലങ്ങള്‍ മുങ്ങിയതിനാല്‍ അപകടങ്ങളും പതിവായി. ഇന്നലെ വൈകിട്ട് നിലംപതി പാലത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് അപകടത്തില്‍പെട്ടത്. ജലനിരപ്പ് ഉയര്‍ന്നതോടെ പുഴ കടക്കാതിരിക്കാന്‍ പൊലീസ് കയര്‍ കെട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് യുവാവ് പുഴ മുറിച്ചു കടക്കാന്‍ ശ്രമിച്ചത്.

പാലത്തിന്‍റെ മുക്കാല്‍ ഭാഗമെത്തിയപ്പോഴേക്കും ബൈക്ക് ഒഴുക്കില്‍പെട്ടു. നൂറു മീറ്ററോളം താഴേക്ക് ഒഴുകിപ്പോയ ശേഷം പച്ചത്തുരുത്തില്‍ പിടിച്ചു കിടന്നതാണ് രക്ഷയായത്. തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ടുനല്‍കി കരയില്‍ യുവാവിനെ കയറ്റുകയായിരുന്നു. കഴി‍ഞ്ഞ ദിവസം മൂലത്തറ അണക്കെട്ടിന് സമീപം ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഫയര്‍ഫോഴ്സെത്തിയാണ് അന്ന് മുനിയപ്പനെ രക്ഷിച്ചത്. 

ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു, ഒരാള്‍ മരണപ്പെട്ടു; ദുരൂഹത