വടകരയ്ക്ക് സമീപം കൈനാട്ടി മേല്‍പ്പാലത്തിന് സമീപം സ്വകാര്യ ബസ് ഗട്ടറിലേക്ക് മറിഞ്ഞു. ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു, പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: സ്വകാര്യ ബസ് റോഡരികിലെ ഗട്ടറിലേക്ക് തെന്നിവീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വടകരയ്ക്ക് സമീപം കൈനാട്ടിക്കും ബാലവാടിക്കും ഇടയില്‍ ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. വടകര-വളയം കല്ലുനിര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗുഡ് വേ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൈനാട്ടി മേല്‍പ്പാലം ഇറങ്ങിവരികയായിരുന്ന ബസ് എതിര്‍ദിശയില്‍ അപകടകരമായ രീതിയില്‍ എത്തിയ ബൈക്കില്‍ തട്ടാതിരിക്കാനായി വെട്ടിക്കുകയായിരുന്നു.

ഇതിനിടയിലാണ് റോഡരികിലെ ഗട്ടറിലേക്ക് വീണത്. സമീപത്തെ ഒരു തെങ്ങില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. പത്തോളം പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.