കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച പുതിയ എഫ്ടിഐ - ടിടിപി രജിസ്ട്രേഷൻ കിയോസ്കുകൾ യാത്രക്കാർക്ക് വലിയ ആശ്വാസമായി. യാത്രക്കാർ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കി.
കൊച്ചി: വിദേശത്തേക്ക് പോകുന്ന യാത്രികർക്ക് ക്യൂ നിൽക്കാതെ എളുപ്പത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കപ്പെട്ട എഫ്ടിഐ - ടിടിപി രജിസ്ട്രേഷൻ കിയോസ്ക് സൂപ്പർ ഹിറ്റ്. ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് നിലവിൽ വന്ന കിയോസ്കിൽ നിന്ന് ലഭിക്കുന്ന സേവനത്തെക്കുറിച്ച് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ 1500ലേറെ യാത്രക്കാരാണ് കിയോസ്കുകൾ സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ (പുറപ്പെടൽ) വെയ്റ്റിങ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിൽ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ കിയോസ്കിലെത്തി രജിസ്ട്രേഷൻ നടത്തിയവരിൽ മലയാള ചലച്ചിത്ര നടൻമാരായ ആസിഫ് അലി, ദിലീപ്, നാദിർഷ, നടി നിഖിലാ വിമൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ഉൾപ്പെടും.
ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കും വേണ്ടിയുള്ള ഭാരത സർക്കാരിന്റെ പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം. ഇതിൽ ഒരുതവണ രജിസ്റ്റർ ചെയ്ത് അംഗമാകുന്നവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
കിയോസ്കുകൾക്ക് പുറമെ, www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴിയും ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഇന്ത്യയിലെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളോ അടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) വഴിയോ ബയോമെട്രിക് വിവരങ്ങൾ നൽകി എൻറോൾമെന്റ് പൂർത്തിയാക്കാവുന്നതാണ്. അപേക്ഷയും നൽകിയ വിവരങ്ങളും പരിശോധിച്ച ശേഷമാണ് അംഗത്വം നൽകുക. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ www.boi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ india.ftittp-boi@mha.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.
