Asianet News MalayalamAsianet News Malayalam

Kerala Rains | പടനിലം ‑ കുടശനാട് റോഡിൽ കരിങ്ങാലിച്ചാൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു

നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താമരക്കുളം പഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌...

Patanilam - Kudasanad road was blocked due to heavy rain
Author
Alappuzha, First Published Oct 18, 2021, 11:15 PM IST

ആലപ്പുഴ: മഴക്കെടുതിയിൽ ചാരുംമൂട് മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നൂറനാട് പഞ്ചായത്തിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളെയാണ് പാർപ്പിച്ചിരിക്കുന്നത്. കിടങ്ങയത്ത് ഒരു വീട് പൂർണമായും തകർന്നു. രണ്ട് പ്രധാന റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 

നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താമരക്കുളം പഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. അച്ചൻകോവിലാറ് കരകവിഞ്ഞതോടെയാണ് നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ, ആറ്റുവ, ചെറുമുഖ, ഇടക്കുന്നം, പുതുപ്പള്ളികുന്നം ഭാഗങ്ങളിലെ ഇരുപത്തഞ്ചോളം വീടുകളിൽ വെള്ളം കയറിയത്. 

ഇടപ്പോൺ എച്ച്എസ്എസ്, ചെറുമുഖ എൽപിഎസ്, പാറ്റൂർ കേളി സാംസ്‌കാരികവേദി, ഇടക്കുന്നം യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നത്. ഇടപ്പോൺ പുത്തൻകാവിൽ ദേവീക്ഷേത്രവളപ്പിലും പരിസരത്തെ വീടുകളിലും അങ്കണവാടിയിലും കൃഷിയിടങ്ങളിലും വെള്ളംകയറിയിട്ടുണ്ട്. 

ജലവിഭവവകുപ്പിന്റെ കെട്ടിടവും വെള്ളത്തിൽ മുങ്ങി. പടനിലം കുടശനാട് റോഡിൽ കരിങ്ങാലിച്ചാൽ ബണ്ട് ഭാഗത്ത് വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. തെരുവുമുക്ക് പടനിലം റോഡിൽ ഇടക്കുന്നം ഭാഗവും വെള്ളത്തിൽ മുങ്ങി. താമരക്കുളം പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളംകയറി. തോട് കരകവിഞ്ഞ് ഒഴുകുന്നതിനാൽ നടീൽവയലിലെ പതിനഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Follow Us:
Download App:
  • android
  • ios