Asianet News MalayalamAsianet News Malayalam

അപകടങ്ങളിലേക്ക് മാടി വിളിച്ച് പതങ്കയം; യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾ വകവെയ്ക്കാറില്ല. 

Patankayam accidents; The young man was swept away and disappeared
Author
Kozhikode, First Published Sep 30, 2021, 8:25 PM IST

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തലശ്ശേരി സ്വദേശി നഈം(24) ആണ് ഒഴുക്കില്‍പ്പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.

കോഴിക്കോട്ടെ മലയോര മേഖലയിലെ സ്ഥിരം അപകടമേഖലയായി മാറുകയാണ് പതങ്കയം. ഇതിനകം നിരവധി പേർക്കാണ് ഇവിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. സമീപ ജില്ലകളിൽ നിന്നുമെത്തുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടം പതിയിരിക്കുന്ന കാര്യം പ്രദേശവാസികൾ പറഞ്ഞാലും ഇത് വകവെയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. 

വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾ വകവെയ്ക്കാറില്ല. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പാലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്. ഇവിടെത്തെ ആഴമേറിയ ഭാഗത്തും ചുഴികളിലും പെട്ടാണ് മിക്കവർക്കും ജീവൻ നഷ്ടപ്പെട്ടത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതും  അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios