സ്റ്റേഷനിൽ കിട്ടിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് അപ്രതീക്ഷിതമായി രക്ഷിച്ചത് നാല് വയസുകാരനെ.
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരിയിൽ കിണറ്റിൽ വീണ നാല് വയസ്സുകാരനെ പൊലീസും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോഴാണ് എസ്.ഐ അതുൽ പ്രേം ഉണ്ണി വീട്ടുകാരുടെ നിലവിളി കേട്ടത്. ജീപ്പ് നിർത്തി കാര്യം അന്വേഷിക്കുകയും കുട്ടി കിണറ്റിൽ വീണെന്ന് അറിഞ്ഞ ഉടൻ തന്നെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താന്ന കുട്ടിയെ കിണറിന്റെ അടിയിൽ നിന്ന് കോരിയെടുക്കുകയും ചെയ്തു. എസ്.ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ എസ്.ഐ ക്കൊപ്പം ചേർന്ന് കിണറ്റിനുള്ളിൽ വച്ചു തന്നെ രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു എ.എസ്.ഐ കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിൻ്റെ മകനാണ് നാല് വയസുകാരൻ.


