Asianet News MalayalamAsianet News Malayalam

ഒരേ പാതയിലെ മരണക്കെണി! പേടിപ്പെടുത്തുന്ന അനുഭവം, 24 മണിക്കൂറിൽ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ 3 അപകട മരണം

വിവാഹ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു രാഘവന്‍. 

path of death Scary experience 3 accident deaths on Mannuthi  Vadakancherry highway in 24 hours ppp
Author
First Published Dec 16, 2023, 11:02 PM IST

തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. വെള്ളി രാത്രി 8.30നായിരുന്നു ആദ്യ അപകടം. ഇതില്‍ വയോധികന്‍ മരിച്ചു. ശനിയാഴ്ച്ചയുണ്ടായ രണ്ട് അപകടങ്ങളില്‍ വയോധിക ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.  

ചുവന്നമണ്ണില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് വയോധികന്‍ മരിച്ചത്. ചുവന്നമണ്ണ് വാകയില്‍ രാഘവന്‍ (74) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. വിവാഹ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു രാഘവന്‍. റോഡ് മുറിച്ചുകടന്ന വയോധികന്‍ കാറിനെ മറികടക്കുന്നതിനിടെ പുറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഊട്ടിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.  പാണഞ്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ നിറസാന്നിധ്യവും ആയിരുന്നു മരിച്ച രാഘവന്‍. പീച്ചി പൊലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  

പിക്കപ്പ് വാനിനു പുറകില്‍ സ്‌കൂട്ടറിടിച്ചായിരുന്നു മറ്റൊരു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത 544 കുതിരാന്‍ ഇരുമ്പുപാലത്താണ് അപകടം നടന്നത്.  ദേശീയപാതയില്‍ സ്ഥാപിക്കേണ്ട ദിശാബോര്‍ഡുകള്‍ കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് പുറകിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച കൊമ്പഴ ഇരുമ്പുപാലം സ്വദേശി തണ്ണിക്കോടന്‍ വീട്ടില്‍ ജോര്‍ജാണ് (54) മരിച്ചത്. 

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.  കരാര്‍ കമ്പനിയുടെ പിക്കപ്പ് വാന്‍ അശാസ്ത്രീയമായി റോഡില്‍ നിര്‍ത്തിയിട്ടതാണ് അപകടകാരണം. വാഹനത്തിന് പുറകില്‍ സുരക്ഷാ ബാരിക്കേഡുകള്‍ വയ്ക്കാതെയാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയിട്ടത്. 

അതേസമയം, മുടിക്കോട് ദേശീയപാത മുറിച്ചുകടന്ന വയോധികയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വയോധിക മരിച്ചു. കൂട്ടാല പുലക്കുടിയില്‍ വീട്ടില്‍ തങ്കമ്മയാണ് (75) മരിച്ചത്. മുടിക്കോടുനിന്നും കൂട്ടാലയിലെ വീട്ടിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് വയോധികയെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചത്.  ഇടിയുടെ ആഘാതത്തില്‍ വയോധിക റോഡില്‍ തലയടിച്ച് വീണു. ഗുരുതരമായ പരുക്കേറ്റ ഇവരെ ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍നിന്നും തിരുപ്പൂരിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് ടാങ്കർ ലോറിയിടിച്ച് കാർ യാത്രികർ മരിച്ച കേസ്; 87 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios