രണ്ട് മണിക്കൂർ കഴിഞ്ഞാൽ മെല്ലെ എഴുന്നേൽക്കും. കാലുകൾ ഉറച്ചുതുടങ്ങിയിട്ടേയുള്ളൂ.മെല്ലെ മെല്ലെ നടന്നിറങ്ങും.

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിൽ ഉഷാറാകുന്നു. പ്രസവിച്ച് മണിക്കൂറുകൾ കഴിയും മുൻപേ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിലാണ് വനാതിർത്തിയോടു ചേർന്നു കണ്ടെത്തിയത്. മിക്കപ്പോഴും നല്ല ഉറക്കത്തിലാണ് കക്ഷി. രണ്ട് മണിക്കൂർ കഴിഞ്ഞാൽ മെല്ലെ എഴുന്നേൽക്കും. കാലുകൾ ഉറച്ചുതുടങ്ങിയിട്ടേയുള്ളൂ.മെല്ലെ മെല്ലെ നടന്നിറങ്ങും.

പ്രസവിച്ചയുടൻ അമ്മയിൽ നിന്ന് വേർപെട്ടുപോയ കുഞ്ഞാണ്. അമ്മയുടെ പരിചരണം കിട്ടേണ്ട സമയമാണ്. ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫുമൊക്കെയാണ് ആ കരുതൽ ഇപ്പോൾ നൽകുന്നത്. ജനിച്ച് ഒരാഴ്ച പോലും ആയിട്ടില്ല. ഡോക്ടർമാരുടെ നിർദേശിക്കും പോലെയാണ് ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിക്കും.ഇളം വെയിൽ കൊള്ളിക്കും. ഓരോ മണിക്കൂറിലും ആയിരുന്നു ആദ്യം. ലാക്ടോജനാണ് കൊടുക്കുന്നത്. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെ വേണം നോക്കാൻ. ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയാണെന്ന് ബീറ്റ് ഓഫീസര്‍ നിതിൻ പറയുന്നു.

കുരുമ്പൻമൂഴിയിലെ റബ്ബർ തോട്ടത്തിൽ നിന്ന് അവശനിലയിൽലാണ് ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. കുത്തനെയുള്ള ചരുവിൽ തള്ളയാന പ്രസവിച്ച സ്ഥലത്തുനിന്ന് താഴേക്ക് നിരങ്ങിവീണുപോയതാണ്. താഴ്ചയിൽ നിന്ന് തിരികെകയറ്റി, വനത്തിലേക്ക് കൊണ്ടുപോകാൻ കാട്ടാനകൂട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വനംവകുപ്പ് രക്ഷകരായി. കൂടുതൽ ഉഷാറായ ശേഷം കുട്ടിയാനയെ വനംവകുപ്പിന്‍റെ ആനത്താവളത്തിലേക്ക് മാറ്റും. കുഞ്ഞിനെ കാണാൻ ആളുകളുടെ തിരക്കാണ് ഇപ്പോൾ. പ്രദേശവാസികളും ജനപ്രതിനിധികളും അടക്കം എല്ലാവരും എത്തുന്നു. റാന്നി നാറാണമുഴി പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും എത്തി കുഞ്ഞിനെ കണ്ട് ലാക്ടോജൻ നൽകി മടങ്ങി. കുഞ്ഞിനെ കാണാൻ വരുന്നവര്‍ കുറച്ച് ലാക്ടോജൻ കൂടി കരുതണമെന്നാണ് കുട്ടിയാനയുടെ പരിചാരകര്‍ക്ക് പറയാനുള്ളത്. 

കുട്ടിയാനയെ ഇടിച്ചു, ക്ഷുഭിതരായി ആനക്കൂട്ടം, കാറിന്റെ അവസ്ഥ ഇത്, യാത്രക്കാർക്ക് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം