പത്തനംതിട്ട ജില്ലയിലെ നാലു വാർഡുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം. നാലിടത്തും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയേറ്റു. ഇടത് കോട്ടയായ കുന്നന്താനത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പത്തനംതിട്ട: കേരളമാകെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായെങ്കിലും പത്തനംതിട്ടയിൽ നേട്ടം. ജില്ലയിലെ നാലു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനേറ്റത് കനത്ത തിരിച്ചടി. ഇടത് കോട്ടയായ കുന്നന്താനത്ത് എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിംഗ് സീറ്റാണ് പാർട്ടിക്ക് നഷ്ടമായത്.

കുന്നന്താനം വള്ളോകുന്നു രണ്ടാംവാർഡിലെ പരാജയം ഇടതുപക്ഷത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസിലെ രാധാമണിയമ്മയാണ് 2 വോട്ടുകൾക്ക് വിജയിച്ചത്.ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. റാന്നി ബ്ലോക്ക് പടി വാർഡിലും ഇഞ്ചോടിച്ചു പോരാട്ടമാണ് നടന്നത്. LDF ലെ ജസി സാബുവിനെ 5 വോട്ടുകൾക്ക് UDF ലെ രമ്യമോൾ പരാജയപ്പെടുത്തി. സി വി ശാന്തകുമാർ അടൂരിൽ മത്സരിച്ച് എംഎൽഎയായതോടെയാണ് അരുവാപ്പുലം കല്ലേലി വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനില സുരേഷ് ആണ് സീറ്റ് നിലനിർത്തിയത്. കുറ്റൂർ ഓതറ വാർഡിൽ മെമ്പർ രവിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥിയായ് രവിയുടെ മകൻ രബീഷ് മോൻ രവിയെയാണ് UDF മത്സരിപ്പിച്ചത്. 148 വോട്ടുകൾക്കാണ് രബീഷ് എൽഡിഎഫ് സ്ഥാനാർത്ഥി രാജേഷിനെ പരാജയപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി കെജി പ്രസാദിന് 104 വോട്ടുകൾ ലഭിച്ചു. 15 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങൾ ഉള്ള എൻഡിയ്ക്കാണ് കുറ്റൂരിൽ ഭരണം.