ബൈപ്പാസ് സര്‍ജറിക്ക് വിധേയരായ രണ്ട് രോഗികളുടെ ശരീരത്തിലെ രോമം നീക്കിയത് തുളസീധരനായിരുന്നു. ഡ്യൂട്ടിയില്‍ മദ്യപിച്ചിരുന്നതിനാല്‍ രോമം നീക്കിയപ്പോള്‍ വയറിന് മുറിവേറ്റെന്നായിരുന്നു ആരോപണം ഉയര്‍ന്നത്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബൈപാസ് സര്‍ജറിക്ക് വിധേയരാക്കിയ രോഗികളുടെ രോമം നീക്കിയതിലെ അനാസ്ഥമൂലം വയറിന് മുറിവേറ്റ സംഭവത്തില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നഴ്‌സിംഗ് അസിസ്റ്റന്റ് കരുനാഗപ്പള്ളി നീലികുളം കെ എസ് പുരത്ത്, തെക്കേത്തറ കൊല്ലന്റെ അയ്യത്ത് തുളസീധരനെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ പുഷ്പലത ഉത്തരവ് നല്‍കിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ 5ാം വാര്‍ഡിലായിരുന്നു സംഭവം. ബൈപ്പാസ് സര്‍ജറിക്ക് വിധേയരായ രണ്ട് രോഗികളുടെ ശരീരത്തിലെ രോമം നീക്കിയത് തുളസീധരനായിരുന്നു. ഡ്യൂട്ടിയില്‍ മദ്യപിച്ചിരുന്നതിനാല്‍ രോമം നീക്കിയപ്പോള്‍ വയറിന് മുറിവേറ്റെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മദ്യപാനം സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയ നഴ്‌സുമാരോടും രോഗിയുടെ ബന്ധുക്കളോടും തുളസീധരന്‍ തട്ടിക്കയറുകയും ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
സൂപ്രണ്ട് ആര്‍ വി രാംലാലിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ജീവനക്കാന്‍ ജോലിയില്‍ കൃത്യവിലോപം കാട്ടിയെന്നും രോഗിയുടെ ബന്ധുക്കളില്‍ നിന്നും പണം ചോദിച്ചു വാങ്ങിയതായും തെളിഞ്ഞു. തുടര്‍ന്നാണ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. പണം ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തുളസീധരനെതിരെ വിജിലന്‍സ് തെളിവെടുപ്പും നടത്തി.
