സിപിഐ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുനരാവതരണം.

തൃശൂർ: 88 വർഷങ്ങൾക്കുമുൻപ് പിറവികൊണ്ട പ്രഥമ രാഷ്ട്രീയ നാടകം 'പാട്ടബാക്കി' വീണ്ടും അരങ്ങത്തേക്ക്.  കെ ദാമോദരൻ രചിച്ച പ്രഥമ രാഷ്ട്രീയ നാടകമായ പാട്ടബാക്കി 88 വർഷങ്ങൾക്കു മുമ്പ്  പിറവികൊണ്ട അതേ മണ്ണിൽ പുനരവതരണം നടത്തുന്നു. സിപിഐ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുനരാവതരണം നടത്തുന്നത്. 

1925 ഡിസംബർ 26 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. 12 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബീജാവാപം നൽകുന്നതിൽ മുഖ്യ പങ്കു വഹിച്ച നാടകമാണ് പാട്ട ബാക്കി. 1937- ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത്  നടന്ന പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിലാണ്  കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജന്മിത്വം തുലയട്ടെ എന്ന ആഹ്വാനം ഉയർത്തിയ പാട്ട ബാക്കി നാടകം അവതരിപ്പിക്കുന്നത്. ആയിരത്താണ്ട് കാലം നിലനിന്ന മനുഷ്യത്വ വിരുദ്ധമായ ജന്മി നാടുവാഴിത്ത വ്യവസ്ഥയെ കടപുഴക്കിയെറിയാൻ ആഹ്വാനം ചെയ്ത പ്രഥമ രാഷ്ട്രീയ നാടകം ആയിരുന്നു പാട്ട ബാക്കി. കർഷക സമ്മേളനത്തിന്റെ സംഘടനാ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന വൈലത്തൂർ കടലായി മനയുടെ തട്ടിൻപുറത്തിരുന്ന് എണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു കൈവിരലിൽ എണ്ണാവുന്ന ദിവസങ്ങൾ എടുത്താണ് കെ ദാമോദരൻ പാട്ട ബാക്കി നാടകം എഴുതിയത്. 

കൊടമന നാരായണൻ നായർ സ്മാരക വായനശാലയാണ് പാട്ടബാക്കി നാടകം വീണ്ടും അരങ്ങിൽ എത്തിക്കുന്നത്. പതിനെട്ടോളം പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന നാടകം ബാബു വൈലത്തൂർ ആണ് സംവിധാനം ചെയ്യുന്നത്.  രാജ്യവ്യാപകമായി സിപിഐ ജന്മശതാബ്ദി ആഘോഷവേളയിലാണ് ഗുരുവായൂർ മണ്ഡല സമ്മേളനം ജൂൺ 15,16 തിയതികളിൽ പുന്നയൂർക്കുളത്ത് നടക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥം മെയ് 18ന് ഞായറാഴ്ച ഉച്ചയ്ക്ക് അഞ്ഞൂർ റോഡിലെ നമാസ് ഓഡിറ്റോറിയത്തിൽ വച്ച് നാടകാവതരണം നടക്കും. 

സെമിനാർ, ആദര സമ്മേളനം എന്നിവയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തും. സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എൻ കെ അക്ബർ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ, വികെ ശ്രീരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ,അജിത്ത് കൊളാടി, ഇ എം സതീശൻ, ബാബു വൈലത്തൂര് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, സംഘാടക സമിതി ചെയർമാൻ പ്രേംരാജ് ചൂണ്ടലാത്ത്, കൺവീനർ വി എം മനോജ്, ടി ഭാസ്കരൻ, പി ടി പ്രവീൺ പ്രസാദ് പങ്കെടുത്തു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം