കൊച്ചി: മലങ്കര സഭാ തർക്കം പരിഹരിക്കാൻ യാക്കോബായ സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നു. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായ ഉപസമിതിയാണ് ഡോ. തോമസ് മാർ തിമോത്തിയോസിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ചർച്ച നടത്തുന്നത്. 

തർക്കത്തിലുള്ള പള്ളികളുടെ അവകാശം ഓർത്തോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം പലയിടത്തും ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘ‍ർഷം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ്  മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി സർക്കാർ  മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.

എന്നാൽ സർക്കാർ ഇപ്പോൾ ചർച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാണിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന ചർച്ച ഓർത്തഡോക്സ് സഭ ബഹിഷ്‌ക്കരിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എന്നാൽ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ട് മാസങ്ങളായ ശേഷമാണ്  ചർച്ചക്ക് ശ്രമമുണ്ടായതെന്നും ഓർത്തഡോക്സ് സഭ വിമർശനമുന്നയിച്ചിരുന്നു.