റിസര്‍വോയറിലെ പറക്കൂട്ടത്തിലൂടെ നടക്കുമ്പോഴാണ് കുട്ടികൾ കാൽ വഴുതി വെള്ളത്തിലേക്ക് വീണത് സ്ഥിരം അപകട മേഖലയിലേക്ക്. കുട്ടികൾ മുങ്ങിയെന്ന് പറയുന്ന ഭാഗത്ത് ഏകദേശം 40 അടിയിൽ അധികം താഴ്ച്ചയുണ്ട്
തൃശൂർ: സുഹൃത്തിന്റെ വീട്ടിലെ അവധി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ഒരു നാടിന്റെ ആഘോഷം മുഴുവൻ ആശങ്കയിലായി. പീച്ചി പള്ളിയിലെ പെരുന്നാൾ ആയിരുന്നു ഇന്നലെയും ഇന്നും. പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ പെരുന്നാളിന് കൂടാനെത്തിയ മൂന്ന് സുഹൃത്തുക്കൾ റിസർവോയറിൽ വീണത് മേഖലയിലെ ഏറ്റവും അപകടമുള്ള ഭാഗത്തെന്നാണ് നാട്ടുകാർ പറയുന്നത്.
പള്ളി പെരുന്നാൾ ആഘോഷത്തിന്റെ കളിച്ചിരികൾ മുഴങ്ങിയ വീട്ടിലും നാട്ടിലും ഒരൊറ്റ നിമിഷംകൊണ്ടാണ് നിലവിളികൾ ഉയർന്ന സാഹചര്യമായിരുന്നു പീച്ചിയിലുണ്ടായത്. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു അപകടമുണ്ടായത്. പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് വെള്ളത്തിൽ വീണത്.
കൂട്ടുകാരിയുടെ വീട്ടിൽ മൂന്നു പേരും ഒത്തുകൂടി. പെരുന്നാൾ വിഭവങ്ങൾ രുചിച്ച് ആഘോഷത്തിൽ പങ്കെടുത്ത ശേഷം നിമയുടെ വീടിന് സമീപ പ്രദേശങ്ങൾ കാണാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പീച്ചി ഡാമിന്റെ റിസര്‍വോയർ കാണാൻ കൂട്ടുകാരികൾ മോഹം പറഞ്ഞതോടെ നാലുപേരും കൂടി റിസര്‍വോയറിലേക്ക് പോവുകയായിരുന്നു. റിസര്‍വോയറിലെ പറക്കൂട്ടത്തിലൂടെ നടക്കുമ്പോഴാണ് കുട്ടികൾ കാൽ വഴുതി വെള്ളത്തിലേക്ക് വീണത്. ഇവിടം സ്ഥിരം അപകട മേഖല ആണെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾ മുങ്ങിയെന്ന് പറയുന്ന ഭാഗത്ത് ഏകദേശം 40 അടിയിൽ അധികം താഴ്ച്ചയുണ്ട്. ചെളിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരാണ് രക്ഷിച്ചത്.
കുട്ടികളുടെ നിലവിളി കേട്ട് സമീപവാസികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് പള്ളിപ്പെരുന്നാൾ ആയതുകൊണ്ട് എല്ലാ വീട്ടിലും ആളുകൾ ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിൽ സഹായമായി. ഓടിക്കൂടിയ ആളുകൾ വെള്ളത്തിൽ വീണ പെൺകുട്ടികളെ കരക്കെത്തിച്ചു. ഉടനെ കിട്ടിയ വാഹനങ്ങളിൽ പെൺകുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാവുമെന്നാണ് ഡോക്ടർമാർ വിശദമാക്കിയിട്ടുള്ളത്.
