തിരുവനന്തപുരം വെള്ളായണിയിൽ പമ്പ് ഹൗസ് ഓപ്പറേറ്ററുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്വർണമാല കവർന്നു. ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. തിരുവല്ലം പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: ഗൃഹനാഥന്‍റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്ത ശേഷം മർദിച്ച് സ്വർണ മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. വെള്ളായണി കടവിൻമൂല പമ്പ് ഹൗസിലെ ഓപ്പറേറ്റർ പാറശാല സ്വദേശി ഹരിഹരസുതന്‍റെ (54) രണ്ടു പവൻ സ്വർണമാല ആണ് കവർന്നത്. ഹെൽമറ്റ് ധാരികളായ മൂന്നംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ 1.10നാണ് ആക്രമണം നടത്തിയത്. പമ്പ് ഓൺ ചെയ്‌ത ശേഷം കസേരയിൽ ഇരിക്കുന്നതിനിടെ, ഗേറ്റ് തുറന്ന് എത്തിയ ഹെൽമറ്റും ജായ്ക്കറ്റും ധരിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ മുഖത്തേയ്ക്ക് കുരുമുളകു പൊടി സ്പ്രേ ചെയ്‌തുവെന്ന് ഹരിഹരസുതൻ പറഞ്ഞു.

മറ്റ് രണ്ടു പേർ കൈകൾ ഇരുവശത്തു നിന്നും പിടിച്ചു വച്ചു. ഇതിനിടെ ഒരാൾ ഷർട്ടിനുള്ളിലെ മാല പിടിച്ചു വലിച്ചു. പിടിവലിക്കിടെ തന്നെ ആക്രമിച്ച് സംഘം മാലയുമായി രക്ഷപ്പെട്ടുവെന്നും ഹരിഹരസുതൻ പറഞ്ഞു. കുറച്ചുമാറി പാർക്കു ചെയ്‌തിരുന്ന ബൈക്കിൽ കയറിയാണ് സംഘം രക്ഷപ്പെട്ടത്. കണ്ണിനും ഇടതു കൈയ്ക്കും പരിക്കേറ്റ ഹരിഹരസുതൻ ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ലം പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവ സ്‌ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മോഷ്‌ടാക്കളുടേത് എന്നു സംശയമുള്ള ചില ദൃശ്യങ്ങൾ ലഭിച്ചു.