2021ൽ കോൺഗ്രസിനായി മത്സരിച്ച് ജയിച്ച് പ്രസിഡന്‍റായ ഷിനു മടത്തറയും വാർഡ് മെമ്പർമാരായി ജയിച്ച അൻസാരിയും ഷെഹനാസും സിപിഎമ്മിലേക്ക് ചേക്കേറുകയായിരുന്നു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് മൂന്ന് അംഗങ്ങൾ സിപിഎമ്മിലേക്ക് ചേക്കേറിയ പെരിങ്ങമല പഞ്ചായത്തിൽ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് മത്സരം. പാർട്ടിയെ വഞ്ചിച്ചുള്ള കൂടുമാറ്റത്തിന് ജനം മറുപടി നൽകുമെന്നാണ് കോൺഗ്രസിന്‍റെ വെല്ലുവിളി. മൂന്ന് വാർഡും ജയിച്ച് ഭരണം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് സിപിഎം. പെരിങ്ങമല പഞ്ചായത്തിലെ കരിമന്‍കോട്, മടത്തറ, കൊല്ലായില്‍ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

2021ൽ കോൺഗ്രസിനായി മത്സരിച്ച് ജയിച്ച് പ്രസിഡന്‍റായ ഷിനു മടത്തറയും വാർഡ് മെമ്പർമാരായി ജയിച്ച അൻസാരിയും ഷെഹനാസും സിപിഎമ്മിലേക്ക് ചേക്കേറുകയായിരുന്നു. 2021ൽ സിപിഎമ്മിന് ഏഴ്, കോൺഗ്രസിന് ആറ്, ലിഗിന് രണ്ട്, ബിജെപിക്ക് ഒന്ന്, മൂന്ന് സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു പെരിങ്ങമല പഞ്ചായത്തിലെ കക്ഷിനില. സ്വതന്ത്രരുടെ പിന്തുണയോടെയായിരുന്നു കോൺഗ്രസ് ഭരണം.

ഷിനു മടത്തറയായിരുന്നു പ്രസിഡന്‍റ്. പ്രാദേശിക തർക്കം മൂർച്ഛിച്ചതോടെയാണ് പ്രസിഡന്‍റ് അടക്കം പാർട്ടി വിട്ടത്. കോൺഗ്രസ് വിട്ടുവന്നവരെ അതേ വാർഡിൽ തന്നെ മത്സരിപ്പിച്ചാണ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ സിപിഎം തയാറെടുക്കുന്നത്. മൂന്ന് സീറ്റിലും ജയിച്ചാൽ സിപിഎം ഭരണം നേടും. നേരത്തെ സിപിഎം ജയിച്ചിരുന്ന കരിമൻകോടും മടത്തറയറയും 2021ൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ജയിച്ചവർ പാർട്ടി വിട്ടെങ്കിലും ജയം ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 

പെരിങ്ങമല പഞ്ചായത്തിലെ ഭരണം നഷ്ടമായത് കോൺഗ്രസിന് നാണക്കേടായിരുന്നു. സ്വന്തം പഞ്ചായത്തിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജില്ലാ അധ്യക്ഷൻ പാലോട് രവി രാജിവച്ചെങ്കിലും നേതൃത്വം സ്വീകരിച്ചിരുന്നില്ല. കോൺഗ്രസ് പ്രാചാരണത്തിന് പ്രതിപക്ഷ നേതാവും സിപിഎമ്മിനായി പാർട്ടി സെക്രട്ടറിയും തന്നെ രംഗത്തുണ്ട്.

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

ഇന്ത്യയിൽ ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് ചികിത്സ; വിപ്ലവകരമായ തീരുമാനവുമായി കേരളം