പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിൻ്റെ സഹോദരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും. അസം സ്വദേശിയായ പ്രതിയെ പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന്റെ സഹോദരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പാവൂർ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് കേസിൽ ശിക്ഷ വിധിച്ചത്. അഞ്ച് വകുപ്പുകളിലായി 20 വർഷം വീതമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
അസം സ്വദേശിയെയാണ് കേസിൽ ശിക്ഷിച്ചത്. 2020-22 കാലയളവിലാണ് പീഡനം നടന്നത്. പിതാവ് മരിച്ച പെൺകുട്ടി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഇയാൾ അവധി ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് കേസ്. ഇതിനിടെ പെൺകുട്ടി ഗർഭിണിയുമായി. 14-ാം വയസ്സിൽ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഏല്പിച്ചു.
പ്രതിയുടെ ഭീഷണിയെ തുടർന്ന് തന്നെ പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടി പുറത്ത് പറഞ്ഞത്. എന്നാൽ ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞു. പിഴയായി വിധിച്ച 10 ലക്ഷം രൂപയിൽ 7.5 ലക്ഷം രൂപ പെൺ കുട്ടിക്ക് ലഭിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധുവാണ് ഹാജരായത്.


