ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടിയ യുപി സ്വദേശിയെ റെയില്‍വേ പൊലീസ് പിടികൂടി. പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ അറസ്റ്റ് ചെയ്ത് പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടിയ യുപി സ്വദേശിയെ പൊലീസ് പരിക്കുകളോടെ പിടികൂടി. ഷഹജാദ് മുഹമ്മദി(30)നെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയ മാല പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് കേട്ടവരിലെല്ലാം ചിരിപടര്‍ത്തിയ മോഷണം നടന്നത്. ട്രെയിന്‍ കോഴിക്കോട് എത്തിയത് മുതല്‍ ഷഹജാസ് മുഹമ്മദ് യാത്രക്കാരിയെ ലക്ഷ്യമിട്ടിരുന്നു. പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയത്ത് ഇയാള്‍ മാല പൊട്ടിച്ച് ട്രാക്കിലേക്ക് ചാടുകയായിരുന്നു.
നിലത്ത് വീണുപോയ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തെങ്ങില്‍ നിന്ന് വീണുവെന്ന് പറഞ്ഞ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതേസമയം തന്നെ വിവരം അറിഞ്ഞ റെയില്‍വേ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിരുന്നു. പുറത്തേക്ക് ചാടിയ മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയ ഇവര്‍ അടുത്തുള്ള ആശുപത്രികളിലും എത്തി. തുടര്‍ന്ന് മുഹമ്മദിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് പിടികൂടിയ മാല പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് ബോധ്യമായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ പൊലീസ് എസ്‌ഐ സി പ്രദീപ് കുമാര്‍, എഎസ്‌ഐ മാരായ ഷമീര്‍, ഷൈജു പ്രശാന്ത്, സിപിഒ സഹീര്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഷഹജാസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.


