വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 19 വിദ്യാര്‍ഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. രാജമലയിലെ എല്‍.പി സ്‌കൂള്‍, മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂള്‍, കൊരണ്ടക്കാട് കാര്‍മല്‍ഗിരി സ്‌കൂള്‍, ചിന്നക്കനാലിലെ ഫാത്തിമ മാതാ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാര്‍ഥികള്‍. 

ഇടുക്കി: അധ്യാപകദിനത്തിന്റെ സന്തോഷം സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥികളുമായി പങ്കുവച്ചിരുന്ന ഒരുപറ്റം അധ്യാപകര്‍ക്ക് ഇത്തവണത്തെ അധ്യാപകദിനം വേദന നിറഞ്ഞ ഓര്‍മകളുടേതാണ്. വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 19 വിദ്യാര്‍ഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. രാജമലയിലെ എല്‍.പി സ്‌കൂള്‍, മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂള്‍, കൊരണ്ടക്കാട് കാര്‍മല്‍ഗിരി സ്‌കൂള്‍, ചിന്നക്കനാലിലെ ഫാത്തിമ മാതാ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാര്‍ഥികള്‍. 

ഇതില്‍ പെട്ടിമുടിയില്‍ നിന്ന് ഒന്നിച്ച് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലേക്ക് എത്തിയിരുന്നത് നാല് വിദ്യാര്‍ഥികളാണ്. ഇവരുടെ ഓര്‍മകളുമായാണ് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ നിന്നും അധ്യാപകദിനത്തില്‍ പ്രാര്‍ത്ഥനകളുമായി അധ്യാപകര്‍ പെട്ടിമുടിയിലെത്തിയത്. സ്‌കൂളിന്റെ പ്രഥമാധ്യാപിക സിസ്റ്റര്‍ റോസിലി തോമസ്, മരണമടഞ്ഞ കുട്ടികളുടെ അധ്യാപികയായ സിസ്റ്റര്‍ ഹേമ, സിസ്റ്റര്‍ ജെയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അധ്യാപകര്‍ പെട്ടിമുടിയിലെത്തിയത്. പ്രിയപ്പെട്ട കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത് പൂക്കള്‍ സമര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും അധ്യാപകര്‍ പ്രാര്‍ത്ഥിച്ചു. ഏറെ സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന കുട്ടികളുടെ വേര്‍പാട് ഉണങ്ങാത്ത വേദനയാണ് ഉളവാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. 

കുട്ടികളുടെ ബന്ധുവീടുകളിലെത്തി ദുരന്തത്തിന് ശേഷം ആശ്വാസം പകര്‍ന്നിരുന്ന സിസ്റ്റര്‍മാര്‍ മരണഞ്ഞവര്‍ക്കായി നടത്തുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയവരെ ആശ്വസിപ്പിക്കാനും മറന്നില്ല. തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സ്മരണാര്‍ത്ഥം കുട്ടികളുടെ ചിത്രങ്ങള്‍ സംസ്‌കാരസ്ഥലത്ത് സമര്‍പ്പിക്കുകയും ചെയ്തു. കളിചിരികളുമായി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയിരുന്ന വിദ്യാര്‍ഥികള്‍ മണ്‍മറഞ്ഞെങ്കിലും അവര്‍ ഹൃദയത്തില്‍ പകര്‍ന്നുതന്ന സ്‌നേഹത്തിന്റെ ഓര്‍മകള്‍ മായാതെയാണ് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ അധ്യാപകര്‍ പെട്ടിമുടിയില്‍ നിന്നും മടങ്ങിയത്.