ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി നടത്തിയ വാർത്താസമ്മേളനം തിരക്കഥയോ എന്ന് സംശയം

തിരുവനന്തപുരം: ഡോ.ഹാരിസിനെ സംശയത്തിലാക്കിയുള്ള സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിൻറെയും വാർത്താസമ്മേളനത്തിൽ അടിമുടി ദുരൂഹത. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന് ഉന്നതങ്ങളിൽ നിന്ന് ഫോണിൽ നിർദ്ദേശം വന്നു. ഇതിന് പിന്നാലെ ഉപകരണം കാണാതായതിലെ അന്വേഷണ റിപ്പോർട്ട് മുഴുവൻ വായിക്കാൻ സൂപ്രണ്ട് പ്രിൻസിപ്പലിനോട് ആവശ്യപ്പെടുകയായിരുന്നു.

സിസ്റ്റം ശരിയല്ലെന്ന ഡോ.ഹാരിസിന്‍റെ വെളിപ്പെടുത്തൽ ശരിവച്ചതാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണം. ഇതുവരെ ആ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. അതിലൊരു വാർത്താസമ്മേളനവും നടന്നിട്ടില്ല. എന്നാൽ ഡോ.ഹാരിസിന്‍റെ ചുമതലയിലുളള ഉപകരണഭാഗം കാണാതായെന്ന കണ്ടെത്തലിൽ, പ്രിൻസിപ്പലും സൂപ്രണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. വാർത്താസമ്മേളനത്തിനിടെ ഇങ്ങനെയൊന്നുണ്ടായി.

സൂപ്രണ്ടിന് ഉന്നതങ്ങളിൽ നിന്ന് വന്ന ഈ ഫോൺ വിളി ആരുടേതാണ്? യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാനില്ലാത്തതിനെ കുറിച്ച് വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗങ്ങൾ വായിക്കാൻ നിർദേശം നൽകിയത് ആരാണ്? ഡോക്ടറെ കുടുക്കാനുളള തിരക്കഥയാണോ നടന്നതെന്ന സംശയം ബലപ്പെടുന്ന രംഗങ്ങൾ.

പരസ്യപ്രതികരണം വിലക്കുന്ന ചട്ടങ്ങൾ ധൈര്യത്തോടെ മറികടന്ന്, മെഡിക്കൽ കോളേജിൽ സിസ്റ്റം തകരാറിലാണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ്. രോഗികളിൽ നിന്ന് പിരിവെടുത്ത് ഉപകരണങ്ങൾ വാങ്ങിവേണം ശസ്ത്രക്രിയകളെന്ന തുറന്നുപറച്ചിൽ. നാലംഗ സമിതി അന്വേഷണം, ഹാരിസ് തന്നെ ശരിയെന്ന് കണ്ടെത്തി.ഉപകരണക്ഷാമം സ്ഥിരീകരിച്ചു. ഇനിയും ആ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. വകുപ്പിന്‍റെ വീഴ്ചകൾ വെളിവായെങ്കിലും പക്ഷേ അന്വേഷണ കണ്ടെത്തലുകളിലൊന്നായി ആരോഗ്യമന്ത്രി പറഞ്ഞത് ഡോ.ഹാരിസിനെ സംശയത്തിലാക്കുന്ന വാക്കുകൾ.

സിസ്റ്റം തകരാർ മാറി ചർച്ചകൾ, ഒരു ഉപകരണഭാഗം കാണാതായതിലേക്കായി.വകുപ്പുതല അന്വേഷണത്തിന് ഉത്തരവായി. ഹാരിസിനെ വേട്ടയാടാനുളള സിസ്റ്റം ഉണർന്നതു പോലെയായി. വിശദീകരണം തേടൽ സ്വാഭാവിക നടപടിയെന്നും ഹാരിസിനെ വെറുതെ വിടൂ എന്നും പറഞ്ഞ് മന്ത്രി മാധ്യമങ്ങളെ പഴിച്ചു. എന്നാൽ വെറുതെ വിടാൻ ഉദ്ദേശമില്ലാത്തത് ആർക്കെന്ന ചോദ്യമുയർത്തുന്നു പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനത്തിലെ രംഗങ്ങൾ.

'സാറേ ആ റിപ്പോർട്ട് പൂർണമായും വായിക്കൂ'; ഡോ. ഹാരിസിനെതിരെ കരുക്കൾ നീക്കുന്നത് ആരൊക്കെ?