KL 05 രജിസ്ട്രേഷൻ നമ്പരിലുള്ള വെള്ള വാഹനത്തിൽ ആറ് വയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന ഫോൺ സന്ദേശം പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തി എന്നായിരുന്നു പ്രചാരണം.
കാഞ്ഞിരപ്പള്ളി: നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കി കാഞ്ഞിരപ്പള്ളിയിൽ പൊലീസിന്റെ മോക്ക് ഡ്രിൽ. കാഞ്ഞിരപ്പള്ളിയിൽ ആറ് വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പൊലീസ് നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം മാത്രം.
ആറ് വയസുകാരനെ വെള്ള കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങൾ. KL 05 രജിസ്ട്രേഷൻ നമ്പരിലുള്ള വെള്ള വാഹനത്തിൽ ആറ് വയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന ഫോൺ സന്ദേശം പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തി എന്നായിരുന്നു പ്രചാരണം.
ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും, പൊൻകുന്നത്തെയും ഉൾപ്പെടെ ജില്ലയിലെ പൊലീസ് സംഘമൊന്നാകെ നിരത്തിലിറങ്ങി. ദേശീയപാതയിലടക്കം എങ്ങും വാഹന പരിശോധന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ അടക്കം സി സി ടി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതെന്ന് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും ശക്തമായതോടെ എ കെ ജെ എം സ്കൂളിലേയ്ക്ക് ഫോൺ കോളുകളുടെ പ്രവാഹമായി.
സംഭവം അന്വേഷിച്ച മാധ്യമപ്രവർത്തകരോടും അന്വേഷണം നടക്കുകയാണ് എന്ന മറുപടിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയത്. മോക് ഡ്രിലിന്റെ കാര്യം മറച്ചുവച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്തകളും വന്നതോടെ സമൂഹമാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചു. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടെ ചിത്രമെന്ന തരത്തിൽ ഫോട്ടോകളും പ്രചരിപ്പിക്കപ്പെട്ടു.
നാട്ടിലാകെ ആശയക്കുഴപ്പം പരന്ന് മണിക്കൂറുകൾക്കു ശേഷമാണ് തട്ടിക്കൊണ്ട് പോകൽ നടന്നില്ലെന്നും നടന്നത് മോക്ഡ്രില്ലാണന്നും പോലീസ് സ്ഥിരീകരിച്ചത്. പൊലീസിന്റെ കാര്യക്ഷമത പരിശോധിക്കാൻ ആയിരുന്നു മോക്ഡ്രിൽ നാടകം എന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ വിശദീകരണം.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 14കാരി പെൺകുട്ടിയോടൊപ്പം കണ്ട് സംശയം; ഒടുവിൽ വെളിവായത് ട്രയിനിലെ പീഡനം
