ഭക്ഷണ അവശിഷ്ടങ്ങളും പുഴുവരിച്ച മറ്റ് മാലിന്യങ്ങളും ഉൾപ്പെട്ട ചാക്കുകളാണ് ഇവിടെ ഉപേക്ഷിച്ചിരുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച ആശുപത്രി രേഖയിലെ ഫോൺ നമ്പറാണ് അന്വേഷണത്തിൽ നിർണായകമായത്.

മുവാറ്റുപുഴ: നഗരമധ്യത്തിലെ ഹോമിയോ കടവിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഇടപെടലുമായി നഗരസഭ. നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഉത്തരവാദികൾക്ക് 25000 രൂപ പിഴയിട്ടു. മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ അവ നീക്കം ചെയ്യിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് പ്രദേശത്ത് മാലിന്യം തള്ളിയത്. ഭക്ഷണ അവശിഷ്ടങ്ങളും പുഴുവരിച്ച മറ്റ് മാലിന്യങ്ങളും ഉൾപ്പെട്ട ചാക്കുകളാണ് ഇവിടെ ഉപേക്ഷിച്ചിരുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച ആശുപത്രി രേഖയിലെ ഫോൺ നമ്പറാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നഗരസഭ മാർക്കറ്റിന് സമീപമുള്ള സൂര്യ കോംപ്ലക്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം എത്തിയത്.

കെട്ടിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിൽ കെട്ടിട ഉടമയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ നഗരസഭ കർശന നടപടി തുടരുമെന്ന് ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം