പത്തനംതിട്ട കുമ്പഴയിൽ ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് നഗരസഭാ അധികൃതർ ഇടപെട്ട് ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.

പത്തനംതിട്ട: ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യം റോഡിൽ തള്ളിയതായി ആരോപണം. വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കുമ്പഴയിലാണ് സംഭവം. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട നഗരസഭാ അധികൃതർ സ്ഥലത്തെത്തി ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കക്കൂസ് മാലിന്യവും മലിനജലവും സമീപത്തെ കടകളുടെ മുന്നിലൂടെ റോഡിലേക്ക് ഒഴുകിയെത്തിയത്. കാൽനട യാത്രക്കാർക്ക് മാലിന്യത്തിൽ ചവിട്ടേണ്ടി വന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രാത്രിയിൽ ഓടയിലൂടെ ഇത്തരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് പതിവാണെന്ന് വ്യാപാരികൾ ആരോപിച്ചു. കുമ്പഴയിലെ ഓടകൾ ചെന്നു ചേരുന്നത് കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ അച്ചൻകോവിലാറ്റിലേക്കാണ്. മാലിന്യം വെള്ളത്തിൽ കലരുന്നത് വലിയ ആരോഗ്യ ഭീഷണിയും ഉയർത്തുന്നു. മുൻപും പല തവണ ഹോട്ടൽ നടത്തിപ്പുകാരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.