കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള അടൽ പെൻഷൻ യോജന (APY) അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാലത്ത് സാമ്പത്തിക സുരക്ഷ നൽകുന്നു. 60 വയസ്സ് മുതൽ മാസം 1,000 മുതൽ 5,000 രൂപ വരെ ഉറപ്പുള്ള പെൻഷൻ ഇതിലൂടെ ലഭിക്കും. ചേരുന്ന പ്രായത്തിനനുസരിച്ച് നിക്ഷേപ തുകയിൽ വ്യത്യാസം വരും, നേരത്തെ ചേരുന്നവർക്ക് കുറഞ്ഞ തുക അടച്ചാൽ മതിയാകും.

വാർധക്യം അടുക്കുമ്പോഴേക്കും വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നേരത്തെ തന്നെ ആസൂത്രണം തുടങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തെ മറികടക്കാനായി സാധാരണക്കാർക്ക് അനുയോജ്യമായ പല മാർഗങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അടൽ പെൻഷൻ യോജന Atal Pension Yojana (APY). 2026 ഏപ്രില്‍ 21വരെയുള്ള കണക്കുകള്‍ പ്രകാരം പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം 9 കോടി കടന്നതോടെ ഇതിന്റെ ജനപ്രീതിയും ചർച്ചയാവുകയാണ്.

എന്താണ് എ പി വൈ?

അടൽ പെൻഷൻ യോജന പ്രധാനമായും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി രൂപകല്‍പന ചെയ്ത പെന്‍ഷന്‍ പദ്ധതിയാണ്. ഇത് നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അതോറിറ്റി ആണ്. ഈ പദ്ധതി വഴി മാസം 1,000 മുതല്‍ 5,000 വരെ ഉറപ്പുള്ള പെന്‍ഷന്‍ ലഭിക്കും. 60-ാം വയസ് മുതലാണ് പെന്‍ഷന്‍ ലഭിക്കുക. സംഭാവന തുക നിങ്ങളുടെ പ്രായവും തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ തുകയും അനുസരിച്ച് വ്യത്യാസപ്പെടും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ-ഡെബിറ്റ് രീതിയിലാണ് തുക അടയ്ക്കേണ്ടത്.

ഇനി 5000 രൂപ പെൻഷൻ ലഭിക്കാൻ എത്ര തുക നിക്ഷേപിക്കണമെന്ന് കണക്കാക്കി നോക്കാം.

18 വയസിൽ ആരംഭിച്ചാൽ: 

നിക്ഷേപകാലം: 42 വര്‍ഷം

മാസം നൽകേണ്ടത്: 210 രൂപ

നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ

30 വയസ്സില്‍ ആരംഭിച്ചാല്‍:

നിക്ഷേപകാലം: 30 വര്‍ഷം

മാസം നൽകേണ്ടത്: 577 രൂപ

നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ

40 വയസ്സില്‍ ആരംഭിച്ചാല്‍:

നിക്ഷേപകാലം: 20 വര്‍ഷം

മാസം നൽകേണ്ടത്: 1,454 രൂപ

നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ

നേരത്തെ നിക്ഷേപിച്ച് തുടങ്ങിയാൽ മാസം കുറഞ്ഞ തുക നൽകിയാൽ മതിയാകും. വൈകിയാല്‍ മാസാമാസം നൽകേണ്ട തുകയും കുത്തനെ കൂടും. പെന്‍ഷന്‍ ആയി മാത്രം അല്ല കുടുംബത്തിനും ഈ പദ്ധതി സുരക്ഷ നല്‍കുന്നു. പദ്ധതിയിൽ ചേർന്നയാൾ മരിച്ചാൽ ഭാര്യ/ഭര്‍ത്താവിന് പെന്‍ഷന്‍ ലഭിക്കും. ഇരുവരും മരണപ്പെട്ടാല്‍ സമ്പൂര്‍ണ നിക്ഷേപ തുകയും നോമിനികൾക്ക് ലഭിക്കും.

18 മുതല്‍ 40 വയസ് വരെ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും പദ്ധതിയിൽ ചേരാം. ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിര്‍ബന്ധമാണ്. ആധാര്‍, മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ സൗകര്യം കൂടുതല്‍ ലളിതമാകും. 60 വയസ് കഴിഞ്ഞാൽ നിങ്ങള്‍ തിരഞ്ഞെടുത്ത പെന്‍ഷന്‍ തുക ലഭിക്കും. ശേഷം പങ്കാളിക്ക് അതേ പെന്‍ഷന്‍ തുടരും. അവസാനം നിക്ഷേപം നോമിനിക്കും ലഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ (സാധാരണ ഏപ്രിലില്‍) പെന്‍ഷന്‍ തുക ഉയര്‍ത്താനും കുറയ്ക്കാനും കഴിയും. സ്ഥിരമായ വരുമാനവും കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപവും ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടൽ പെൻഷൻ മികച്ചൊരു വഴിയാണ്. ചെറിയ തുകയിലൂടെ ശാസ്ത്രീയമായ സമ്പാദ്യം രൂപപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.