അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
ആലപ്പുഴ: ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ ആണ് അറസ്റ്റിൽ ആയത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. അസ്വഭാവികത തോന്നിയ നാട്ടുകാരാണ് കൗൺസിലറേയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥിനിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ശ്രീശങ്കറിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. 18 വയസ് പൂർത്തിയായി മൂന്നു ദിവസത്തിനുള്ളിലാണ് പീഡന കേസിൽ പിടിയിലായത്. മാസങ്ങൾക്ക് മുൻപ് സ്കൂൾ പരിസരത്ത് സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. സ്കൂൾ അച്ചടക്ക നടപടിയെടുത്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഇതിനിടെ വിദ്യാർത്ഥി അധ്യാപകർക്ക് എതിരെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. 18 കാരനെ ഉടൻ കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
