സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു സനദ്. തുടർന്ന് മാതാവിന്റെ വീട്ടിലേക്ക് ബൈക്കിൽ തിരിച്ചു. കൂട്ടുകാരനും കൂടെയുണ്ടായിരുന്നു.

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കൂട്ടുകാരോടൊപ്പം സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാർഥി മരിച്ചു. കരുവാരകുണ്ട് തരിശ് സ്വദേശി തൈക്കാടന്‍ വീട്ടില്‍ മുഹമ്മദ് സനദ് (18) ആണ് മരിച്ചത്. പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പൂക്കോട്ടുംപാടം ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു സനദ്. തുടർന്ന് മാതാവിന്റെ വീട്ടിലേക്ക് ബൈക്കിൽ തിരിച്ചു. കൂട്ടുകാരനും കൂടെയുണ്ടായിരുന്നു. കൂട്ടുകാരനെ അവന്റെ വീട്ടിലാക്കി പോകുന്നതിനിടെയായിരുന്നു അപകടം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.