ബെംഗളൂരുവിലെ ബന്നാർഘട്ടയിൽ ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു.

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ടയിൽ പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചുവെച്ച ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ കരിമ്പ് ജ്യൂസ് കടയിൽ പോയി മടങ്ങിയെത്തിയതിന് ശേഷമാണ് സംഭവം.

വീടിന് പുറത്ത് ചെരുപ്പ് ഊരിയ ശേഷം മഞ്ജു പ്രകാശ് അകത്തേക്ക് പോയി വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാലിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിലുമായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ ക്രോക്‌സിന് സമീപം ചത്ത നിലയിൽ ഒരു പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പാണ് കടിച്ചതെന്ന നിഗമനത്തിലെത്തിയത്.

2016-ൽ ഒരു ബസ് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മഞ്ജു പ്രകാശിന് കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം കാലിന് മരവിപ്പ് അനുഭവപ്പെട്ടിരുന്നതിനലാണ് പാമ്പുകടിയേറ്റതറിയാതെ പോയതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഞ്ജു പ്രകാശിനെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പാമ്പ് ക്രോക്സിനുള്ളിൽ ചവിട്ടേറ്റ് ചത്തതാകാമെന്നാണ് നിഗമനം.