വേനൽ കടുത്തതോടെ പാമ്പുകൾ വീടുകളിലേക്ക് കയറുന്നത് പതിവായെന്നും പാമ്പുകടി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.
അതേസമയം, കുറ്റ്യാടിയിലെ സംഭവത്തിന് പിന്നാലെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാമ്പ് കടി തിരിച്ചറിയാൻ വൈകരുത്; ആന്റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല
പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് ഡയറക്ടർ. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡി.എം.ഒമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
തിരിച്ചറിയാതെ പോകുന്ന പാമ്പ് കടി
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിലും പാമ്പ് കടിയേറ്റ കാര്യം ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല എന്നത് ഗൗരവകരമായി കാണുന്നു. രോഗി മരിച്ച ശേഷമാണ് പാമ്പ് കടിയാണെന്ന് വ്യക്തമായത്. ഈ സാഹചര്യം ഒഴിവാക്കാൻ വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാൻ ജീവനക്കാർക്ക് ആവശ്യമെങ്കിൽ പ്രത്യേക പരിശീലനം നൽകാനും നിർദ്ദേശമുണ്ട്.
ആന്റി വെനം ലഭ്യതയും ചികിത്സയും
ആന്റി വെനം നൽകുന്നതിൽ യാതൊരു കാലതാമസവും ഉണ്ടാകരുത്. നിലവിൽ സംസ്ഥാനത്ത് ആന്റി വെനം ലഭ്യതയിൽ കുറവില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ആശുപത്രികളിൽ പ്രത്യേക ജാഗ്രത പുലർത്താൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേൽക്കുന്ന സാഹചര്യമുണ്ടായാൽ, ആന്റിവെനം ഉള്ള ആശുപത്രികൾ തേടി അലയേണ്ടതില്ലെന്നും, 108 ആംബുലൻശിൽ വിളിച്ചാൽ കൃത്യമായി ആശുപത്രിയിലെത്തിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അടുത്തിടെ മൂന്ന് മരണങ്ങളാണ് പാമ്പ് കടിയേറ്റ് റിപ്പോർട്ട് ചെയ്തത്. ചിറയിൻകീഴിൽ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവതിക്ക് പാമ്പുകടിയേറ്റ് മരണം സംഭവിച്ചു. ഇത് കൂടാതെ പാമ്പുകടിയേറ്റ് രണ്ട് മരണങ്ങൾ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


