മൂന്ന് യുവാക്കളെ കൊല്ലാൻ ശ്രമിച്ചു, സ്വര്‍ണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നു; 19 അംഗ സംഘത്തിൽ ഒരാളെ വിഴിഞ്ഞം പൊലീസ് പിടികൂടി

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണ്ണമാല കവർച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം, പൂല്ലൂർക്കോണം ചെന്നവിളാകം വീട്ടിൽ അക്ബർ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയാണ് സംഭവം. 

കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമിസംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വർണ്ണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അക്രമണത്തിന് ഇരയായ യുവാക്കളിൽ ഒരാളുടെ അച്ഛനെ മുൻപ് പ്രതികളിൽ ചിലർ ചേർന്ന് മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഇപ്പോഴുള്ള ആക്രമണത്തിന് കാരണം എന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു. എസ് ഐമാരായ സമ്പത്ത്, ഹർഷകുമാർ, സി പി ഒമാരായ സുജിത്ത്, പ്രമോദ്, രാമു, അരുൺ പി. മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

Read more: ദേശീയപാതാ വികസനത്തിന് ജെസിബിയിൽ കുഴിയെടുത്തു, പൈപ്പുപൊട്ടി ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം

അതേസമയം, മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ ത്രിപുര സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്‌ വിവാഹലോചന നടത്തി. വാട്സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കയായിരുന്നു.