അഭിഭാഷകൻ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച മോഷണക്കേസ് പ്രതിയെ കോടതി മുറ്റത്ത് നിന്ന് പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. അഭിഭാഷകന്റെ വാഹനത്തിൽ കോടതിയിലെത്തിച്ച പ്രതിയെയാണ് ദേവികുളം പൊലീസ് വരാന്തയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇടുക്കി: അഭിഭാഷകൻ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച മോഷണക്കേസ് പ്രതിയെ കോടതി മുറ്റത്ത് നിന്ന് പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. അഭിഭാഷകന്റെ വാഹനത്തിൽ കോടതിയിലെത്തിച്ച പ്രതിയെയാണ് ദേവികുളം പൊലീസ് വരാന്തയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ദേശീയപാത അധികൃതരുടെ ഹിറ്റാച്ചി വാഹനത്തിൽ നിന്നും ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രാജേഷ്കുമാർ [25] മൂന്നാം പ്രതിയാണ്. മറ്റ് പ്രതികളെ മോഷണം നടന്ന സെപ്ടബർ പതിനെട്ടിന് പിടികൂടിയിരുന്നു. എന്നാൽ രാജേഷ് കുമാർ ഒളിവിൽ പോകുകയായിരുന്നു. കേസ് രാവിലെ കോടതിയുടെ പരിഗണിക്കവെ അഭിഭാഷകൻ പ്രതിയെ വാഹനത്തിലെത്തിച്ച് കോടതി മുറിക്കുള്ളിൽ പ്രവേശിക്കുവാൻ ശ്രമിക്കവെ എസ്.ഐ ദിലീപ് പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് അഭിഭാഷകനും പൊലീസും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവികുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിജോയ്ക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഓഫീസർ ദേവികുളം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
