പണയം എടുത്തു വിറ്റ ശേഷം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഉടമകളിൽ നിന്ന് രേഖകളും സ്വർണവും കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ കൈക്കലാക്കുന്ന സ്വർണം മറ്റ് സ്ഥലങ്ങളിൽ മറിച്ചുവിറ്റ് തുക സ്വന്തമാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു പതിവ്.
തിരുവനന്തപുരം: പണയ സ്വർണം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മറിച്ചുവിറ്റ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശിയും നെയ്യാറ്റിൻകരയിലെ 'നടരാജ് ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്തിനെയാണ് നെയ്യാറ്റിൻകര പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ചെറിയ തുകയ്ക്ക് പണയമിരിക്കുന്ന സ്വർണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇരകളെ സമീപിക്കുന്നത്. പണയം എടുത്തു വിറ്റ ശേഷം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഉടമകളിൽ നിന്ന് രേഖകളും സ്വർണവും കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ കൈക്കലാക്കുന്ന സ്വർണം മറ്റ് സ്ഥലങ്ങളിൽ മറിച്ചുവിറ്റ് തുക സ്വന്തമാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു പതിവ്. ശ്രീജിത്തിനെതിരെ നെയ്യാറ്റിൻകര സ്റ്റേഷനിൽ മാത്രം നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാപകമായ പരാതികളെ തുടർന്ന് പൊലീസ് നടത്തിയ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ശ്രീജിത്തിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.


