എക്‌സിബിഷന്‍ കാണാന്‍ എത്തിയവരുടെ കാര്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി
കല്‍പ്പറ്റ: എക്‌സിബിഷന്‍ കാണാന്‍ എത്തിയവരുടെ കാര്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി. പനമരം വലിയപാലം അപ്രോച്ച് റോഡരികില്‍ നിര്‍ത്തിയിട്ട മാരുതി ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ഡോര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ തലപ്പുഴ വെള്ളാര്‍വീട്ടില്‍ വിജയന്‍ (43) ആണ് പനമരം പോലീസിന്റെ പിടിയിലായത്.
പനമരത്ത് നടക്കുന്ന എക്സിബിഷന്‍ കാണാനെത്തിയ കോറോം സ്വദേശിയുടെ കാറായിരുന്നു കുത്തിത്തുറന്നത്. വാഹനത്തിലുണ്ടായിരുന്ന കുറച്ച് പണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിയാനായത്. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റു ചില കാറുകളും ഇയാള്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട പൊലീസ് പ്രതിയെ തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്‍സ്പെക്ടര്‍ സിജിത്ത്, എ എസ് ഐ വിനോദ് ജോസഫ്, സിവില്‍ പൊലീസുകാരായ വിനായക്, നിശാദ് എന്നിവരാണ് മോഷ്ടാവിനെ വലയിലാക്കിയത്.
അതേസമയം, സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നടുവട്ടം മാഹി സ്വദേശി കളനിയില്‍നിലം രാജേഷ് (ബാവൂട്ട 50) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറുമായി സംശയാസ്പദമായനിലയില്‍ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 12 കുപ്പി അനധികൃത മദ്യമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. അഞ്ചര ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ. ഷുഹൈബ്, സി.പി.ഒ. രഞ്ജിത്, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തി രാജേഷിനെ പിടികൂടിയത്. ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് അപ്പപ്പോൾ മദ്യം എത്തിച്ച് കൊടുക്കുമായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

