ജിമീഷ് കമ്പനിയുടെ സൈറ്റ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്ന അര്‍ജുന്‍ ലാലിനെ തടഞ്ഞു വെക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈ കൊണ്ട് മുഖത്തും, നെഞ്ചിലും കുത്തുകയും ഹെല്‍മറ്റ് കൊണ്ട് മുഖത്ത് അടിക്കുകയും ചെയ്തു. ഈ ആക്രമണത്തിലാണ് അര്‍ജുന്റെ പല്ല് കൊഴിഞ്ഞത്.

കോഴിക്കോട്: കെട്ടിട നിർമ്മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോട്ടൂളി സ്വദേശി വളപ്പില്‍ വീട്ടില്‍ ജീമീഷി(35) നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 21-ാം തിയ്യതി രാവിലെ കോട്ടൂളി കെ.ടി ഗോപാലന്‍ റോഡിലുള്ള അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊജക്റ്റ് സൈറ്റിലാണ് അതിക്രമം നടന്നത്. തന്റെ വീടിന്റെ നിര്‍മാണത്തിനായി ഈ സൈറ്റില്‍ നിന്നും സാധനങ്ങളും പണിക്കാരെയും കൊണ്ടുപോകുന്നത് അയല്‍ക്കാര്‍ അറിഞ്ഞതിലുള്ള വിരോധത്തിലാണ് പ്രതി ആക്രമണം നടത്തിയത്.

പ്രകോപിതനായ ജിമീഷ് കമ്പനിയുടെ സൈറ്റ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്ന അര്‍ജുന്‍ ലാലിനെ തടഞ്ഞു വെക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈ കൊണ്ട് മുഖത്തും, നെഞ്ചിലും കുത്തുകയും ഹെല്‍മറ്റ് കൊണ്ട് മുഖത്ത് അടിക്കുകയും ചെയ്തു. ഈ ആക്രമണത്തിലാണ് അര്‍ജുന്റെ പല്ല് കൊഴിഞ്ഞത്. തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച മെഡിക്കല്‍ കോളേജ് പൊലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പാലക്കാട് വെച്ചാണ് ജിമീഷിനെ അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് കുമാര്‍, അതുല്‍ വസന്ത് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇയാളുടെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും മറ്റുമായി നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ജിമീഷിനെ റിമാന്റ് ചെയ്തു.