കവർച്ച നടന്ന വീട്ടിൽ പൊലീസ് എത്തി, തിരിച്ചുവച്ച സിസി കാമറ നോക്കിയപ്പോൾ കണ്ടത് തുറന്നുകിടക്കുന്ന അടുത്തവീട്!
മാന്നാർ കുട്ടൻപേരൂർ ദീപ്തിയിൽ ഡോക്ടർ ദിലീപ് കുമാറിന്റെ വീട്ടിലും, കുട്ടൻപേരൂർ രാജശ്രീയിൽ പ്രവാസി വ്യവസായി രാജശേഖരൻ നായരുടെ വീട്ടിലുമാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്

മാന്നാർ: മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് ജങ്ഷനു സമീപം അടച്ചിട്ടിരുന്ന വീടുകൾ കുത്തി തുറന്ന് കവർച്ച. മാന്നാർ കുട്ടൻപേരൂർ ദീപ്തിയിൽ ഡോക്ടർ ദിലീപ് കുമാറിന്റെ വീട്ടിലും, കുട്ടൻപേരൂർ രാജശ്രീയിൽ പ്രവാസി വ്യവസായി രാജശേഖരൻ നായരുടെ വീട്ടിലുമാണ് ശനിയാഴ്ച രാത്രികവർച്ച നടന്നത്. ഈ സമയം വീട്ടുകാർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ ഡോക്ടർ ദിലീപ് കുമാറിന്റെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീട്ടിലെ സിസിടിവി ക്യാമറ ഉൾപ്പടെ മോഷ്ടാക്കൾ നശിപ്പിച്ചു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ് അകത്തു കയറിയത്. അലമാരകളും, വാതിലുകൾ കുത്തി തുറന്ന നിലയിലാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ എല്ലാം തന്നെ മോഷ്ടാക്കൾ ദിശ മാറ്റി വെച്ചിരിക്കുകയാണ്.
വീട്ടിനുള്ളിൽ നിന്നും സിസിടിവി കാമറയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ട് പോയതായി. ഡോക്ടറുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുന്നതിനിടയിലാണ് പ്രവാസിയായ രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെ വീട്ടിലെ മുകളിലത്തെ നിലയിലെ കതക് തുറന്നു കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിന്റെ പരിസരത്ത് പരിശോധിച്ചപ്പോൾ വീടിനു മുൻവശം ചെടിചട്ടി മറിഞ്ഞു കിടക്കുന്നതും മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുന്നതും കണ്ടു.
ഈ വീടിന്റെയും സിസിടിവി ക്യാമറകൾ മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു. അതോടെയാണ് ഇവിടെയും കവർച്ച നടന്നു എന്നുള്ള സംശയം ബലപ്പെട്ടത്. പ്രവാസിയായ അദ്ദേഹവും കുടുംബവും വിദേശത്താണ്. തുടർന്ന് രാജശേഖരൻ പിള്ളയുടെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോളാണ് വീടിന്റെ മുൻവശത്തെ വാതിൽ കമ്പി പാരയോ മറ്റോ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് മനസ്സിലായത്. എല്ലാ മുറികളുടെയും വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു.
വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ ലോക്കറുകൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള വില പിടിപ്പുള്ള സാധനങ്ങൾ ഇവിടെ നിന്നും കളവ് പോയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള ഉടമയും കുടുംബവും എത്തിയാൽ മാത്രമേ എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന വിവരം ലഭിക്കൂ. ആലപ്പുഴയിൽ നിന്നുള്ള കെ9 ഡോഗ് സ്ക്വാഡും ആലപ്പുഴ ഫിങ്കർ പ്രിന്റ് ബ്യുറോയിൽ നിന്ന് ഫിങ്കർ പ്രിന്റ് എക്സ്പെർട്ട് അപ്പുക്കുട്ടൻ, സോബി, ഫോട്ടോഗ്രാഫർ ചന്ദ്രദാസ് എന്നിവരുമെത്തി പരിശോധന നടത്തി. മാന്നാർ എസ്ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം